കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഗോവ

ആസ്‌ട്രേലിയയെ മാതൃകയാക്കാന്‍ നീക്കം

Update: 2026-01-27 13:39 GMT

പനാജി: പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ ഗോവ. ആസ്‌ട്രേലിയ ഈ ആശയം നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്തും ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ടൂറിസം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രി റോഹന്‍ ഖാന്റെ പറഞ്ഞു. കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശും കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ആസ്‌ട്രേലിയയുടെ നിയമങ്ങള്‍ ഞങ്ങള്‍ പഠിച്ചുവരികയാണ്. ഇതിലൂടെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രായപൂര്‍ത്തിയാകാത്തവരുടെ പ്രവേശനം എങ്ങനെ നിയന്ത്രിക്കാമെന്നാണ് പരിശോധിക്കുന്നത്.' ഗോവ ഇന്‍ഫോടെക് മന്ത്രി രോഹന്‍ ഖൗന്റെ പറഞ്ഞു. 'സാധ്യമെങ്കില്‍, 16 വയസില്‍ താഴെയുള്ള കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് സമാനമായ നിരോധനം ഞങ്ങള്‍ നടപ്പിലാക്കും.' മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കളില്‍ നിന്ന് കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെപ്പറ്റി ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും, അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പ് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യക്തിഗത ഇടങ്ങള്‍ സോഷ്യല്‍ മീഡിയ കൈയടക്കിയെന്നും, ടി വി കാണുമ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോഴും കുട്ടികള്‍ ഫോണിലാണെന്നും, ഇത് കുട്ടികളിലെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.

ആഗോളതലത്തിലുള്ള നിയന്ത്രണങ്ങള്‍ പഠിച്ചതിന് ശേഷം ഒരു മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ആന്ധപ്രദേശില്‍ മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ആസ്‌ട്രേലിയയില്‍ നിയന്ത്രണം നടപ്പാക്കിയത്. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിരോധിച്ച ആദ്യത്തെ രാജ്യമായി ആസ്ട്രേലിയ മാറിയിരുന്നു. ആദ്യ മാസത്തില്‍ 4.7 ദശലക്ഷം കൗമാരക്കാരുടെ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കിയെന്നാണ് റിപോര്‍ട്ട്. ആസ്‌ട്രേലിയയിലെ നിയന്ത്രണങ്ങള്‍ മറ്റു രാജ്യങ്ങളും നിരീക്ഷിച്ച് വരികയാണ്. ഫ്രാന്‍സ്, ഇന്‍ഡോനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയമങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നീക്കങ്ങളിലാണ്.