ഇലക്ട്രിക് വാഹന വളര്‍ച്ചയ്ക്ക് ആഗോള ഉച്ചകോടി; ചൈനീസ് ധാതു പ്രതിസന്ധിക്കിടെ ഇന്ത്യ പുതിയ തന്ത്രത്തിലേക്ക്
മുംബൈ: അപൂര്‍വ ധാതുക്കളുടെ വിതരണത്തില്‍ ചൈന നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍നിന്ന് പുതിയ ഉണര്‍വിലേക്ക് ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇവി) മേഖല. നിര്‍മ്മാണവും വിപണനവും കയറ്റുമതിയും ശക്തിപ്പെടുത്തുന്നതിനായി ആഗോള ഉച്ചകോടി സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാകുകയാണ്. വരാനിരിക്കുന്ന വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഉച്ചകോടി നടക്കുക. പ്രധാന അന്താരാഷ്ട്ര ഇവി നിര്‍മ്മാതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കി.
പ്രതീക്ഷിച്ചതുപോലെ വിദേശ നിക്ഷേപം ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ തന്ത്രം പരീക്ഷിക്കുന്നത്. നയ ഉപദേശക സ്ഥാപനമായ നിതി ആയോഗ് തയ്യാറാക്കിയ ആശയരേഖയുടെ അടിസ്ഥാനത്തിലാണ് ഉച്ചകോടിയിലേക്കുള്ള ശ്രമങ്ങള്‍. ആഭ്യന്തര-വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുകയും ഇന്ത്യന്‍ കമ്പനികളുടെ കയറ്റുമതി പ്രകടനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം. ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം, നിതി ആയോഗ്, വിദേശ-ആഭ്യന്തര വിദഗ്ധര്‍ എന്നിവരുമായി ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 2018ല്‍ സംഘടിപ്പിച്ച ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിന് (മൂവ് ഉച്ചകോടി) സമാനമായിരിക്കും പുതിയ സമ്മേളനത്തിന്റെ രൂപകല്‍പ്പന.
ഇവി വിപണിയെ പ്രോല്‍സാഹിപ്പിക്കാന്‍ നീതി ആയോഗ് ആഗസ്റ്റില്‍ നയപരിഷ്‌ക്കാരങ്ങളും നികുതി ഇളവുകളും ഉള്‍പ്പെടുത്തി പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ഇലക്ട്രിക് ട്രക്കുകളും ബസുകളും വിപണനം ചെയ്യുന്ന കമ്പനികള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനങ്ങള്‍ പ്രഖ്യാപിക്കാനാണ് സാധ്യത. അപൂര്‍വ ധാതു ക്ഷാമവും ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കുറവുമാണ് ഈ മാറ്റങ്ങള്‍ക്ക് ആധാരം. നിലവില്‍ പിഎം ഇഡ്രൈവ് പദ്ധതിയിലൂടെ 2028 സാമ്പത്തിക വര്‍ഷംവരെ ഇലക്ട്രിക് ട്രക്കുകളും ബസുകളും സബ്‌സിഡിയുടെ പരിധിയില്‍പെടും. അതേസമയം, സ്‌കൂട്ടറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ലഭിച്ചിരുന്ന വന്‍ ഇളവുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കും.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച 500 ദശലക്ഷം ഡോളര്‍ നിക്ഷേപ-നിര്‍മ്മാണ പാക്കേജ് പ്രതീക്ഷിച്ച ഫലം കൈവന്നില്ല. ടെസ്‌ല സ്‌കീം എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതിയിലൂടെ ഇറക്കുമതി നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പ്രധാന ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ മുന്നോട്ടുവന്നില്ല.
