ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവ 2.0 പ്രാബല്യത്തില്‍; സൗദിയിലെ അപേക്ഷകര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

Update: 2025-10-24 07:09 GMT

റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച 'ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവാ പതിപ്പ് 2.0' ഇന്ന് മുതല്‍ സൗദി അറേബ്യയിലെ എല്ലാ പാസ്പോര്‍ട്ട് അപേക്ഷകര്‍ക്കും ബാധകമാകുമെന്ന് റിയാദിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു.

സ്ഥാപനം പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞത് പ്രകാരം, എല്ലാ അപേക്ഷകരും പുതുതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്ഥാനപതി കാര്യാലയം അവരുടെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ ഈ നിര്‍ദ്ദേശങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

പുതിയ സംവിധാനം പ്രകാരം അപേക്ഷകര്‍ https://mportal.passportindia.gov.in/gpsp എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഫോട്ടോഗ്രാഫ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇന്റര്‍നാഷനല്‍ സിവില്‍ എവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും.

ഫോട്ടോഗ്രാഫ് സംബന്ധിച്ച നിര്‍ദേശങ്ങള്‍

1. മുഖം ഫോട്ടോയുടെ 80-85% ഭാഗം ഉള്‍ക്കൊള്ളണം.

2. 630*810 പിക്സല്‍ അളവിലുള്ള കളര്‍ ഫോട്ടോ വേണം.

3. ഡിജിറ്റല്‍ എഡിറ്റിംഗ് അല്ലെങ്കില്‍ നിറവ്യത്യാസം പാടില്ല.

4. വെളുത്ത പശ്ചാത്തലം അനിവാര്യമാണ്.

5. അപേക്ഷകന്‍ നേരെ ക്യാമറയിലേക്ക് നോക്കുന്ന നിലയിലായിരിക്കണം.

6. റെഡ് ഐ ഇല്ലാതെ കണ്ണുകള്‍ വ്യക്തമായി തുറന്നിരിക്കണം.

7. നിഴലുകളോ ഫ്‌ളാഷ് പ്രതിഫലനങ്ങളോ പാടില്ല.

8. വായ അടച്ചതും മുഖഭാവം സ്വാഭാവികവുമാകണം.

9. മതപരമായ കാരണങ്ങള്‍ ഒഴികെ തലമറക്കല്‍ അനുവദനീയമല്ല. മുഖഭാഗം മുഴുവന്‍ വ്യക്തമായി കാണേണ്ടതാണ്.

പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോഴും ഐസിഎഒ മാനദണ്ഡമനുസരിച്ച കളര്‍ സോഫ്റ്റ് കോപ്പിയാണ് ആവശ്യമായത് എന്ന് സ്ഥാനപതി ഓഫീസ് വ്യക്തമാക്കി.



Tags: