വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പലുകള്‍ക്കായി പൂര്‍ണമായും തുറന്നതോടെ ആഗോള എണ്ണവിലയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. യുദ്ധഭീതിയും വിതരണ തടസ്സങ്ങളും മാറിയതോടെയാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില താഴ്ന്നത്. വെള്ളിയാഴ്ച ബാരലിന് 98 ഡോളറിന് മുകളിലായിരുന്ന ബ്രെന്റ് ക്രൂഡിന്റെ വില കടലിടുക്ക് തുറന്നതിനു പിന്നാലെ 88 ഡോളറായി കുറഞ്ഞു. അസംസ്‌കൃത എണ്ണവിലയില്‍ ശരാശരി ഒന്‍പത് മുതല്‍ 11 ശതമാനം വരെ ഇടിവുണ്ടായതായാണ് റിപോര്‍ട്ട്.
ക്രൂഡ് ഓയിലിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായി മാറും. കഴിഞ്ഞ പത്തു ദിവസത്തിനിടെ വിപണിയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. യുദ്ധഭീതിയെത്തുടര്‍ന്ന് നേരത്തെ അസംസ്‌കൃത എണ്ണവില ബാരലിന് 119 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ആ നിലയില്‍ നിന്ന് വില കുറഞ്ഞത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വിപണികള്‍ക്കും അനുകൂല സൂചനയായി വിലയിരുത്തപ്പെടുന്നു.