ആഗോള ആശങ്കകള്‍ ഓഹരി വിപണിയെ തകര്‍ത്തു; ഒരു മണിക്കൂറിനിടെ നഷ്ടമായത് 10 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി കനത്ത ഇടിവ് രേഖപ്പെടുത്തി. വ്യാപാരം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ നിക്ഷേപകര്‍ക്ക് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും വലിയ തോതില്‍ താഴേക്ക് പതിച്ചതോടെ വിപണിയില്‍ ആശങ്ക വര്‍ധിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇറാനെതിരായ പുതിയ ഭീഷണിയും ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രസ്താവനകളും ആഗോള വിപണികളെ സമ്മര്‍ദ്ദത്തിലാക്കി.
ക്രൂഡ് ഓയില്‍ വിലയില്‍ നാലു ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തിയതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും പണപ്പെരുപ്പിനും തിരിച്ചടിയാകുമെന്ന ആശങ്ക നിക്ഷേപകരെ വില്‍പ്പനയിലേക്ക് നയിച്ചു. ഇതോടൊപ്പം ഡോളറിനെതിരേ രൂപയുടെ മൂല്യം 95 എന്ന റെക്കോര്‍ഡ് താഴ്ചയില്‍ എത്തിയതും വിപണിയിലെ പ്രതികൂലമായി ബാധിച്ചു. ആഗോള അനിശ്ചിതത്വത്തെ തുടര്‍ന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതും ഇടിവ് വേഗത്തിലാക്കി. ബാങ്കിംഗ്, ഐടി, മെറ്റല്‍ മേഖലകളിലെ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വരും ദിവസങ്ങളിലും വിപണിയില്‍ ഉയര്‍ച്ചതാഴ്ചകള്‍ തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.