ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കല്‍ നല്‍കിയ ബില്ല് ദേവസ്വം ബോര്‍ഡ് അംഗീകരിച്ചേക്കില്ല, യോഗം തുടരുന്നു
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവില്‍ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നല്‍കിയ ബില്ല് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചേക്കില്ല. 7.11 കോടി രൂപയാണ് ഊരാളുങ്കല്‍ ആവശ്യപ്പെട്ടത്. നാലരക്കോടി രൂപ മാത്രമേ അംഗീകരിക്കൂ എന്നാണ് ദേവസ്വത്തിന്റെ നിലപാട്. നിലവില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചര്‍ച്ച പുരോഗമിക്കുകയാണ്. കണക്കുകള്‍ ഓഡിറ്റ് ചെയ്ത സംഘത്തിന്റെ പ്രതിനിധികളും ഊരാളുങ്കലില്‍ നിന്നുള്ള പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ എസ്റ്റിമേറ്റ് വെട്ടി നാലരക്കോടിയാക്കി ചുരുക്കിയിരുന്നു. ദേവസ്വം കമ്മീഷണര്‍ അംഗീകരിച്ച തുക തന്നെ കൊടുത്താല്‍ മതിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഊതിവീര്‍പ്പിച്ച കണക്കുകളാണ് ഊരാളുങ്കല്‍ നല്‍കിയതെന്നാണ് ദേവസ്വത്തിന്റെ അഭിപ്രായം. യോഗത്തിനു ശേഷം കെ ജയകുമാര്‍ മാധ്യമങ്ങളെ കാണും.