പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആത്മവിശ്വാസവും നല്‍കണം; മന്ത്രി വി ശിവന്‍കുട്ടി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വി ശിവന്‍കുട്ടി

Update: 2026-01-24 13:27 GMT

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം അവരുടെ കലാ-കായിക കഴിവുകള്‍ പരിപോഷിപ്പിക്കാനും, ആത്മവിശ്വാസമുള്ളവരായി വളര്‍ത്താനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കരമന ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സുവര്‍ണ്ണ ജൂബിലി ആഘോഷവും മെറിറ്റ്ഡേയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്. ഹൈടെക് ക്ലാസ് മുറികളും, അത്യാധുനിക ലാബുകളും, മികച്ച ഭൗതിക സാഹചര്യങ്ങളും ഒരുക്കിയതിലൂടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മാറ്റത്തിന്റെ പാതയിലാണ്. അന്‍പത് വര്‍ഷമെന്നത് ഒരു പൊതുവിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു കാലയളവല്ലെന്നും അത് സമൂഹത്തിന് നല്‍കിയ മഹത്തായ സേവനത്തിന്റെ സാക്ഷ്യപത്രമാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുനല്‍കാനും അവരെ വിവിധ മേഖലകളില്‍ ഉന്നതങ്ങളില്‍ എത്തിക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയുടെ വിദ്യാഭ്യാസ ഭൂപടത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ കരമന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെണ്‍കുട്ടികളുടെ ശാക്തീകരണത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കളരിപ്പയറ്റിന് മെഡല്‍ നേടിയ വിദ്യാര്‍ഥിനി ഗോപികയെ മന്ത്രി അനുമോദിച്ചു. കൂടാതെ വിവിധ മല്‍സരങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളേയും ചടങ്ങില്‍ അനുമോദിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജി എസ് മഞ്ജു, സംസ്ഥാന ശിശുക്ഷേമ ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി, പ്രിന്‍സിപ്പാള്‍ ടി കെ ഷൈലമ്മ എന്നിവര്‍ പങ്കെടുത്തു.