ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളുടെ തിരോധാനം: പോലിസ് കള്ളക്കേസ് ചുമത്തി; യുവാക്കൾ തെറ്റുകാരല്ലെന്ന് പെൺകുട്ടികൾ

പെൺകുട്ടികളിൽ ഒരാൾ കെെഞരമ്പ് മുറിച്ച് സ്വയം അപായപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Update: 2022-01-30 11:47 GMT

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം തിരോധാന കേസിൽ പോക്സോ കേസ് ചുമത്തി പോലിസ് അറസ്റ്റ് ചെയ്ത യുവാക്കൾ തെറ്റുകാരല്ലെന്ന് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. യുവാക്കൾ തങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പോക്സോ കേസ് പോലിസ് പോലിസ് കെട്ടിച്ചമച്ചതാണെന്നും പെൺകുട്ടികൾ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.

മാധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിന്റെ ​ഗേറ്റിനടുത്തെത്തി ഉച്ചത്തിൽ വിളിച്ചുപറ‍ഞ്ഞു. സിഡബ്ല്യുസി യോ​ഗം റിപോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ എത്തിയപ്പോഴായിരുന്നു പെൺകുട്ടികളുടെ അപ്രതീക്ഷിത വെളിപ്പെടുത്തൽ. അതിനിടെ, പെൺകുട്ടികളിൽ ഒരാൾ കെെഞരമ്പ് മുറിച്ച് സ്വയം അപായപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടികൾ മാധ്യമപ്രവർത്തകരോട് സംസാരിച്ചത് തടഞ്ഞ ചിൽഡ്രൻസ് ഹോം അധികൃതർ അവരെ പിടിച്ചുമാറ്റുകയും ചെയ്തു. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത യുവാക്കളെ പോലിസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. കൊല്ലം, തൃശൂർ സ്വദേശികളായ യുവാക്കളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. നേരത്തെ പെൺകുട്ടികളുടെ മൊഴി 164 ആക്ട് പ്രകാരം മജിസ്ട്രേറ്റിനു മുന്നിൽ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.

ചിൽഡ്രൻസ് ഹോമിലെ അവസ്ഥ മോശമായതു കൊണ്ടാണ് പുറത്ത് പോവാൻ തീരുമാനിച്ചതെന്നും ​ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും പെൺകുട്ടികൾ മൊഴിനൽകി എന്നാണ് റിപോർട്ടുകൾ. പിടിയിലായ യുവാക്കളിൽ ഒരാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കാനുള്ള നീക്കത്തിനിടെ ആറരയോടെ പ്രതികളിൽ ഒരാളായ ഫെബിൻ റാഫി ചേവായൂർ സ്റ്റേഷനിൽ നിന്ന് കടന്നു കളയുകയായിരുന്നു.

ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞ ആറു പെൺകുട്ടികളിൽ ഒരാൾ ഇന്നലെ രാത്രിയോടെയാണ് കെെഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് ചികിൽസ നൽകി. തിരികെ ചിൽഡ്രൻസ് ഹോമിൽ എത്തിച്ചു. എന്നാൽ ഇതൊരു ആത്മഹത്യാശ്രമമായി കണക്കാക്കുന്നില്ലെന്നാണ് പോലിസ് പ്രതികരണം. തങ്ങൾക്ക് തിരിച്ച് ചിൽഡ്രൻസ് ഹോമിലേക്ക് പോകാൻ താൽപര്യമില്ലെന്ന് പെൺകുട്ടികൾ പോലിസിനോട് പിടിക്കപ്പെട്ട ഘട്ടത്തിൽ തന്നെ പറഞ്ഞിരുന്നു.

എന്നാൽ മൊഴി രേഖപ്പെടുത്തിയ ശേഷം അവരെ ചിൽഡ്രൻസ് ഹോമിൽ തന്നെ തിരികെയെത്തിക്കുകയായിരുന്നു പോലിസ്. അവിടെയെത്തിച്ചതിൽ കുട്ടികൾ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാത്രിയോട് കൂടി അവർ താമസിച്ചിരുന്ന മുറിയുടെ ജനൽചില്ല് തകർത്ത് ആ ചില്ലെടുത്ത് കൈമുറിക്കുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം, പെൺകുട്ടികളിൽ ഒരാളെ സ്വന്തം വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോവണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ രം​ഗത്തെത്തിയിട്ടുണ്ട്. അവരെ പെട്ടെന്ന് വിട്ടുകൊടുക്കാൻ കഴി‍യില്ലെന്നും അതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നുമാണ് ചിൽഡ്രൻസ് ഹോം അധികൃതരുടെ വിശദീകരണം.

Tags: