ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവം; ചികില്‍സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
കുട്ടിക്ക് മതിയായ ചികില്‍സ നല്‍കുന്നില്ലെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് 19കാരിയെ ചവിട്ടി പുറത്തിട്ട സംഭവത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികില്‍സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
മെഡിക്കല്‍ കോളജില്‍ നിന്നുള്ള ചികില്‍സയില്‍ തൃപ്തിയില്ലെന്ന് ശ്രീകുട്ടിയുടെ കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികില്‍സ നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് മികച്ച ചികില്‍സ ഉറപ്പാക്കണമെന്നും കുടംബം ആവശ്യപ്പെട്ടിരുന്നു.
ശരീരത്തില്‍ 20ലേറെ മുറിവുകളുണ്ട്. മൂക്കില്‍ നിന്ന് ചോര വരുന്നുണ്ട്. ശരീരം തണുത്ത് മരവിച്ച നിലയിലാണെന്നും കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില അതിഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതത്തിനുള്ള ചികില്‍സ നല്‍കി കൊണ്ടിരിക്കുകയാണ്. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.