വാടാനപ്പള്ളി: വീട്ടില്‍ ഉറങ്ങിക്കിടന്ന ആറു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് തച്ചാട്ട് വീട്ടില്‍ നന്ദുമുകുന്ദന്റെയും ലക്ഷ്മിയുടെയും മകള്‍ അനാമിക(6)യാണ് മരിച്ചത്. തളിക്കുളം പുളിയംതുരുത്തിലെ വാടകവീട്ടിലെ താമസക്കാരാണ് കുടുംബം. ചൊവ്വാഴ്ച രാത്രി പാമ്പു കടിയേറ്റെന്നാണ് നിഗമനം. കാലില്‍ കടുത്ത വേദനയോടെ ഉണര്‍ന്ന അനാമിക വയറു വേദനിക്കുന്നതായും വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ വീട്ടുകാര്‍ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. വയറുവേദനയ്ക്ക് മരുന്നും കാലില്‍ പുരട്ടാനുള്ള മരുന്നും നല്‍കി.
ബുധനാഴ്ച രാവിലെയോടെ കാലില്‍ നീരുവയ്ക്കുകയും കാഴ്ച മങ്ങുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ കുട്ടിയെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. രക്തപരിശോധനയിലാണു പാമ്പിന്‍വിഷം രക്തത്തില്‍ കലര്‍ന്നതായി കണ്ടെത്തിയത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടര്‍ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രിയാണ് അനാമിക മരിച്ചത്. തളിക്കുളം സിഎംഎസ് യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞദിവസം ഇവരുടെ വാടകവീടിന് സമീപം കണ്ടെത്തിയ അണലിയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.