ജോലിഭാരം കുറയ്ക്കാന്‍ രോഗികളെ കൊലപ്പെടുത്തി; ജര്‍മന്‍ നഴ്‌സിന് ജീവപര്യന്തം തടവ്
ആഹെന്‍: ജോലിഭാരം കുറയ്ക്കാന്‍ രോഗികളെ കൊലപ്പെടുത്തിയ ജര്‍മന്‍ നഴ്‌സിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പടിഞ്ഞാറന്‍ ജര്‍മനിയിലെ വൂര്‍സുലെന്‍ പട്ടണത്തിലെ ആശുപത്രിയില്‍ രോഗികളെ വിഷാംശമുള്ള മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലിയേറ്റീവ് കെയര്‍ നഴ്‌സിന് ആഹെന്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചത്.
2023 ഡിസംബര്‍ മുതല്‍ 2024 മേയ് വരെയുള്ള ആറു മാസക്കാലയളവിലാണ് നഴ്‌സ് ഈ കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളും നടത്തിയത്. രാത്രികാല ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.
പ്രതി വിഷാംശമുള്ള ഇന്‍ജക്ഷനുകള്‍ നല്‍കി കിടപ്പുരോഗികളായ വയോധികരെ കൊല്ലുകയായിരുന്നു. ആകെ 10 പേരെ കൊലപ്പെടുത്തിയതായും 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായുമാണ് റിപോര്‍ട്ട്. പ്രതിയുടെ വ്യക്തിത്വം ജര്‍മന്‍ സ്വകാര്യതാ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. ശിക്ഷാ കാലാവധിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പ്രതിക്ക് പരോളിന് അര്‍ഹതയുണ്ടാകൂവെന്ന് കോടതി വ്യക്തമാക്കി.