ജര്‍മ്മനിയിലെ നിയുക്ത മേയര്‍ക്ക് കുത്തേറ്റ സംഭവം; വളര്‍ത്തുമകന്‍ കസ്റ്റഡിയില്‍
ബെര്‍ലിന്‍: ജര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ഹെര്‍ഡെക്ക് നഗരസഭയിലെ പുതിയ മേയര്‍ ഐറിസ് സ്റ്റാള്‍സറെ (57) അപ്പാര്‍ട്ട്മെന്റിനുള്ളില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ മേയറുടെ വളര്‍ത്തുമകനെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലെടുത്തു.
ഹെര്‍ഡെക്കിലുള്ള ഫ്‌ളാറ്റില്‍ വെച്ച് മേയര്‍ക്ക് കഴുത്തിലും വയറ്റിലുമായി പതിമൂന്നിലധികം തവണ കുത്തേറ്റതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വയറ്റിലും മുതുകിലുമാണ് പ്രധാനമായും കുത്തേറ്റത്. സംഭവത്തിന് ശേഷം പതിനഞ്ചുകാരനായ വളര്‍ത്തുമകന്‍ തന്നെയാണ് പോലിസിനെ വിവരമറിയിച്ചത്. പരിക്കേറ്റ സ്റ്റാള്‍സറെ എയര്‍ലിഫ്റ്റ് ചെയ്ത് ബോഹമിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി.
ആദ്യം, ചില യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് കുട്ടികള്‍ പോലസിന് മൊഴി നല്‍കിയത്. വീടിനകത്തേക്ക് വരുന്നതിന് മുന്‍പ് തെരുവില്‍വെച്ച് സ്റ്റാള്‍സറെ ആക്രമിക്കപ്പെട്ടുവെന്ന് മേയര്‍ തന്നോട് പറഞ്ഞതായി മകന്‍ പോലിസിനോട് പറഞ്ഞു. സംഭവസമയം ഫ്ലാറ്റിലുണ്ടായിരുന്ന 17 വയസ്സുള്ള വളര്‍ത്തുമകളെയും പോലിസ് വിശദമായി ചോദ്യം ചെയ്യും. ഈ കുട്ടിക്കെതിരെ കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിന് ആഴ്ചകള്‍ക്ക് മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു എന്നത് കേസില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
മധ്യ-ഇടത് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകയായ ഐറിസ് സ്റ്റാള്‍സര്‍, 22,000 ജനസംഖ്യയുള്ള ഹെര്‍ഡെക്കില്‍ സെപ്റ്റംബര്‍ 28നു നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
