സംഘ്പരിവാര്‍ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിച്ചവര്‍ക്കെതിരെ വിധി എഴുതുക: ജോര്‍ജ് മുണ്ടക്കയം

Update: 2025-06-01 13:05 GMT

നിലമ്പൂര്‍: സംഘ്പരിവാര്‍ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിക്കാന്‍ യാതൊരു മടിയുമില്ലാത്തവര്‍ക്കെതിരെ വിധി എഴുതുന്നവരായി നിലമ്പൂര്‍ ജനത മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജോര്‍ജ് മുണ്ടക്കയം പറഞ്ഞു. എസ്ഡിപിഐ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിനിയമങ്ങള്‍ നടപ്പാക്കിയും ബുള്‍ഡോസര്‍ രാജും നടത്തി ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്ത് തേരോട്ടം നടത്തുകയാണ്. ഫാഷിസത്തിനെതിരെ നിലയുറപ്പിക്കുന്നതില്‍ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും സിപിഎമ്മിനും പരിമിതികളുണ്ട്. അത് മുനമ്പം വിഷയത്തില്‍ കണ്ടു. കേന്ദ്രസര്‍ക്കാരിന്റെ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ തെരുവുകളില്‍ ശക്തമായി പ്രതിഷേധിച്ചത് എസ്ഡിപിഐ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്, വി ടി ഇഖ്‌റാമുല്‍ ഹഖ്, സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി, അഡ്വ. കെ സി നസീര്‍, മുഹമ്മദ് ബഷീര്‍, മുജീബ് എടക്കര, ഹമീദ് പരപ്പനങ്ങാടി, നൗഷാദ് നിലമ്പൂര്‍, റഫീഖ് നിലമ്പൂര്‍, സംസാരിച്ചു.