''യഥാര്‍ത്ഥ കര്‍ഷകരെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കരുത്''; 37.5 ഏക്കര്‍ സ്വകാര്യ തോട്ടം ഉടമയ്ക്ക് തിരിച്ച് നല്‍കി സുപ്രിംകോടതി
ന്യൂഡല്‍ഹി: പൊതു രേഖകളില്‍ നിന്ന് വ്യക്തമാകുന്ന അവകാശങ്ങള്‍ സ്ഥിരീകരിക്കാന്‍ യഥാര്‍ത്ഥ കര്‍ഷകരെ കേരള സര്‍ക്കാര്‍ ദീര്‍ഘകാല നിയമപോരാട്ടത്തിലേക്ക് തള്ളിയിടരുതെന്ന് സുപ്രിംകോടതി. കാപ്പിയും ഏലവും കൃഷി ചെയ്ത തെക്കന്‍ വയനാട്ടിലെ 37.5 ഏക്കര്‍ ഭൂമി സ്വകാര്യ തോട്ട ഭൂമിയാണെന്നും 1971 ലെ കേരള സ്വകാര്യ വനങ്ങള്‍ (നിക്ഷിപ്തവും നിയമനവും) നിയമപ്രകാരമുള്ള നിക്ഷിപ്ത വനമല്ലെന്നും കോടതി പ്രഖ്യാപിച്ചു. എം ജമീല എന്ന സ്ത്രീക്ക് ഭൂമിയുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും തിരികെ നല്‍കിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍ വി അഞ്ജരയും ഇക്കാര്യം പറഞ്ഞത്. ഭൂമിയിലെ ഉടമസ്ഥാവകാശത്തില്‍ എം ജമീലക്ക് എതിരായാണ് ഫോറസ്റ്റ് ട്രിബ്യൂണലും കേരള ഹൈക്കോടതിയും വിധിച്ചിരുന്നത്.
എന്നാല്‍, ഭൂമിയുടെ യഥാര്‍ത്ഥ ഉടമയായിരുന്ന പരപ്പു മാപ്പിളകത്ത് ഇമ്പിച്ചി അഹമ്മദ് 1949ലെ മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം ജില്ലാ കലക്ടറില്‍ നിന്ന് അനുമതി നേടിയ ശേഷം, 1957-ല്‍ തന്നെ ഭൂമി വെട്ടിത്തെളിച്ച് കാപ്പി, ഏലം തോട്ടങ്ങളാക്കി മാറ്റിയിട്ടുണ്ടെന്ന് സുപ്രിംകോടതി കണ്ടെത്തി. അതിന് ശേഷം നിശ്ചിത സര്‍ക്കാര്‍ വകുപ്പുകളില്‍ തോട്ടം രജിസ്റ്റര്‍ ചെയ്തു. തോട്ടഭൂമിയിലെ ചില ഭാഗങ്ങള്‍ കൃഷി ചെയ്യാതെ തുടര്‍ന്നുവെന്നും പിന്നീട് ചെടികള്‍ വച്ചുപിടിപ്പിച്ചെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍, തോട്ടം എന്ന നിലയില്‍ മൊത്തത്തിലുള്ള സ്വഭാവം നിഷേധിക്കാനാവില്ലെന്ന് സുപ്രിംകോടതി അതിന് മറുപടി നല്‍കി. 2007ല്‍ പരിശോധിക്കുമ്പോള്‍ ഒരു തോട്ടത്തില്‍ പുതിയ ചെടികള്‍ കാണാം. പഴയ ചെടികള്‍ വെട്ടിക്കളഞ്ഞ് പുതിയത് നടുന്നതാണ് കാരണം. 2007ല്‍ നടത്തിയ പരിശോധനയില്‍ തോട്ടത്തിലെ നിരവധി കാപ്പിച്ചെടികളുടെ പ്രായം 40-42 വയസാണെന്ന് കണ്ടെത്തിയിരുന്നു. 1960കളുടെ മധ്യത്തിലാണ് ഇവ നട്ടുപിടിപ്പിച്ചതെന്ന് അത് സൂചന നല്‍കുന്നു. അതിനാല്‍, സര്‍ക്കാരിന് ഈ ഭൂമിയില്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
