കാഠ്മണ്ഠു: രണ്ടുമാസത്തെ ഇടവേളക്കു ശേഷം നേപ്പാളില്‍ വീണ്ടും പ്രക്ഷോഭം. തെരുവിലിറങ്ങിയ ജെന്‍ സി പ്രക്ഷോഭകരെ നേരിടാന്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. സിമാറയില്‍ പ്രക്ഷോഭകരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണി മുതല്‍ എട്ടുമണിവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നും പോലിസും പ്രക്ഷോഭകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പോലിസ് അറിയിച്ചു. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയില്‍ യുവാക്കളും സിപിഎന്‍-യുഎംഎല്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതില്‍ ഏതാനും ജെന്‍ സി പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ആറു പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. 2026 മാര്‍ച്ച് അഞ്ചിനു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎന്‍-യുഎംഎല്‍ നേതാക്കള്‍ ജില്ല സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സിമാര വിമാനത്താവളത്തിനു സമീപത്തായിരുന്നു പ്രതിഷേധം. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നു.
സെപ്റ്റംബറിലുണ്ടായ പ്രക്ഷോഭങ്ങളില്‍ 76 പേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് കെ പി ശര്‍മ ഓലി രാജിവെച്ചു. തുടര്‍ന്ന് നേപ്പാള്‍ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല സര്‍ക്കാറിലെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് 73കാരിയായ സുശീല കര്‍ക്കി.
ചട്ടങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിന് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അന്ത്യശാസനം പാലിച്ചില്ലെന്നുപറഞ്ഞ് 26 സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചതോടെയായിരുന്നു നേപ്പാളിലെ യുവതലമുറ പ്രക്ഷോഭത്തിലേക്കിറങ്ങിയിരുന്നത്.
