സാമ്പത്തിക വളര്‍ച്ചക്ക് പുതിയ പാത; ജിസിസി റെയില്‍വേ 2030ല്‍ പൂര്‍ത്തിയാകും
അബൂദബി: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) റെയില്‍വേ പദ്ധതി 2030 ഡിസംബറോടെ പൂര്‍ണ്ണതയിലെത്തുമെന്ന് ഗള്‍ഫ് റെയില്‍വേ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ബിന്‍ ഫഹദ് അല്‍ ഷബ്റാമി അറിയിച്ചു. അബൂദബിയില്‍ നടന്ന വേള്‍ഡ് റെയില്‍ 2025 എക്സിബിഷന്റെയും കോണ്‍ഗ്രസിന്റെയും രണ്ടാം പതിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജിസിസി രാജ്യങ്ങള്‍ വര്‍ഷങ്ങളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മഹാപദ്ധതി യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ആറു രാജ്യങ്ങളെ ഒരുമിച്ച് ബന്ധിപ്പിക്കും. ഏകദേശം 2,117 കിലോമീറ്റര്‍ നീളമുള്ള ഈ റെയില്‍ പാത ഗള്‍ഫ് മേഖലയുടെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
'ഗള്‍ഫ് റെയില്‍വേ, പ്രദേശത്തെ ഏറ്റവും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ്. ഓരോ രാജ്യത്തിന്റെയും ആഭ്യന്തര റെയില്‍വേ ശൃംഖലകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു,' എന്ന് അല്‍ ഷബ്റാമി വ്യക്തമാക്കി.
പദ്ധതി പൂര്‍ത്തിയായാല്‍ ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധവും സാമ്പത്തിക സഹകരണവും ഗതാഗത കാര്യക്ഷമതയും വര്‍ധിക്കും. പ്രധാന തുറമുഖങ്ങളും ലോജിസ്റ്റിക്സ് ഹബ്ബുകളും ഈ റെയില്‍വേ പാതയിലൂടെ ബന്ധിപ്പിക്കപ്പെടും. ഇതിലൂടെ ചരക്കുനീക്കത്തിന് വേഗതയും ചെലവുകുറവും ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
അതിര്‍ത്തികള്‍ക്കപ്പുറമുള്ള ടൂറിസം വളര്‍ച്ചക്കും ഇത് പ്രേരണയായേക്കും. ഗള്‍ഫ് റെയില്‍വേ പാതയിലൂടെ യാത്ര ചെയ്യുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിക്കുമെന്നും, ചരക്ക് ട്രെയിനുകള്‍ 80 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്നും അല്‍ ഷബ്റാമി കൂട്ടിച്ചേര്‍ത്തു.
