ബലിപെരുന്നാളിന് കന്നുകാലികളെ അറുക്കുന്നത് തടയണമെന്ന് ബിജെപി എംഎല്‍എ

Update: 2025-06-02 03:47 GMT

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ലോണിയില്‍ ബലി പെരുന്നാളിന് കന്നുകാലികളെ അറുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ നന്ദ്കിഷോര്‍ ഗുര്‍ജാര്‍ അധികൃതര്‍ക്ക് കത്തെഴുതി. ബലി പെരുന്നാളിന് ആളുകള്‍ ധാരാളം മൃഗങ്ങളെ ബലിയര്‍പ്പിക്കുമെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അത് തടയണമെന്നുമാണ് ആവശ്യം. കശാപ്പും മാംസക്കടകളും അസ്ഥികളും കഴുകന്‍മാരെ പ്രദേശത്തേക്ക് കൊണ്ടുവരുമെന്നും അത് വിമാനങ്ങള്‍ക്ക് തടസമാവുമെന്നും എംഎല്‍എയുടെ കത്ത് പറയുന്നു. ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ നിന്നും വെറും അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ലോണിയെന്നും എയര്‍ക്രാഫ്റ്റ് ഓര്‍ഡിനന്‍സ് എന്ന നിയമം കര്‍ശനമായി നടപ്പാക്കണമെന്നുമാണ് ആവശ്യം. മുമ്പ് പ്രദേശത്ത് വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ ഓര്‍ഡിനന്‍സിന്റെ ലംഘനം രാജ്യദ്രോഹമായി കാണണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത് പ്രദേശത്ത് രോഗബാധയുണ്ടാവാന്‍ കാരണമാവുമെന്നും എംഎല്‍എ ആരോപിക്കുന്നു. ലോണിയില്‍ സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഡ്രോണ്‍ നിരീക്ഷണവും പ്രാദേശിക തലത്തിലുള്ള സഹകരണവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.