വിഷം തുപ്പി ഇസ്രായേല്‍; പുനര്‍നിര്‍മ്മാണം നടത്താതെ, ഗസ പതിറ്റാണ്ടുകളോളം നാശത്തില്‍ തന്നെ തുടരുമെന്ന് ഊര്‍ജ്ജ മന്ത്രി എലി കോഹന്‍

Update: 2025-07-14 10:35 GMT

ജറുസലേം: പുനര്‍നിര്‍മ്മാണം നടത്താതെ ഗസ മുനമ്പ് പതിറ്റാണ്ടുകളോളം നാശത്തിന്റെ വക്കില്‍ തന്നെ തുടരുമെന്ന് ഇസ്രായേല്‍ ഊര്‍ജ്ജ-അടിസ്ഥാന സൗകര്യവികസന മന്ത്രി എലി കോഹന്‍. ഇസ്രായേലിന്റെ ചാനല്‍ 14 ടെലിവിഷനോട് സംസാരിക്കവെയാണ് എലി കോഹന്റെ പരാമര്‍ശം. ഗസയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ സഹായം ചെലുത്താന്‍ ഇസ്രായേലിന് ഉദ്ദേശ്യമില്ലെന്നും കോഹന്‍ പറഞ്ഞു.

'ഗസ പതിറ്റാണ്ടുകളോളം നാശത്തില്‍ തന്നെ തുടരും,' കോഹന്‍ പറഞ്ഞു.ഗസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് ആവശ്യമായ വ്യവസ്ഥകള്‍ ഇസ്രായേല്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിനും ബന്ദികളെ കൈമാറുന്നതിനുമുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകാനുള്ള സന്നദ്ധത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും ഇസ്രായേല്‍ വലിയ തരത്തിലുള്ള ആക്രമണങ്ങളാണ് അഴിച്ചു വിട്ടത്. ഇന്നലെ മാത്രം ഇസ്രായേലിന്റെ തോക്കിനിരയായത് 43പേരാണ്. ഇതില്‍ ഗസ നഗരത്തിലെ ഒരു മാര്‍ക്കറ്റില്‍ നടന്ന 11 പേരുടെ മരണവും ഉള്‍പ്പെടുന്നു. തെക്കന്‍ ഗസയില്‍, അല്‍മവാസി പ്രദേശത്ത് ഫലസ്തീനികള്‍ തമ്പടിക്കുന്ന കൂടാരത്തില്‍ ഇസ്രായേല്‍ ജെറ്റുകള്‍ ഇടിച്ചുകയറി മൂന്നുപേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

Tags: