റാമല്ല: കാല്‍ നൂറ്റാണ്ടിനു ശേഷം ഗസയില്‍ ആദ്യമായി പോളിയോ കേസ് റിപോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം ഗസ നഗരമായ ദെയ് ര്‍ അല്‍ബാലയില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത 10 മാസം പ്രായമുള്ള കുട്ടിയില്‍ പോളിയോ റിപോര്‍ട്ട് ചെയ്തത്. 25 വര്‍ഷത്തിനിടെ ഇസ്രായേല്‍ തീരപ്രദേശത്തെ ആദ്യത്തെ കേസാണിത്. ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടത്തിയ പരിശോധനയില്‍ പോളിയോ ആണെന്ന് സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. മാരകമായേക്കാവുന്ന തളര്‍വാതരോഗം കൂടുതലും 5 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. സാധാരണയായി മലിനമായ വെള്ളത്തിലൂടെയാണ് ഇത് പടരുന്നത്. ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനായി ഇസ്രായേല്‍ യുദ്ധം താല്‍ക്കാലികമായി നിര്‍ത്തണമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. 'പോളിയോ വൈറസ് ഇപ്പോള്‍ ഗസയില്‍ പ്രചരിക്കുന്നതിനാല്‍ 640,000ത്തിലധികം കുട്ടികള്‍ക്കായി ഒരു വാക്‌സിന്‍ കാംപയന്‍ ആരംഭിക്കാന്‍ യുഎന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.