ഗസ സമാധാന പദ്ധതി; ഈജിപ്തിലെ ഒന്നാംഘട്ട ചര്‍ച്ച പൂര്‍ണം

Update: 2025-10-07 04:57 GMT

കെയ്‌റോ: ഗസ വെടിനിര്‍ത്തല്‍ തീരുമാനത്തിന്‍മേല്‍ ഈജിപ്തില്‍ നടന്ന ഒന്നാംഘട്ട ചര്‍ച്ച അവസാനിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. ആദ്യഘട്ട ചര്‍ച്ചകള്‍ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് അവസാനിച്ചതെന്നാണ് വിവരം. ഇന്നും ചര്‍ച്ചകള്‍ തുടരും. ഹമാസ് പ്രതിനിധികളും ഇസ്രായേല്‍ പ്രതിനിധികളും തമ്മില്‍ മധ്യസ്ഥര്‍ വഴിയാണ് ചര്‍ച്ച നടക്കുന്നത്.

ഹമാസ് മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം ചര്‍ച്ചയ്‌ക്കെത്തിയത്. ഇസ്രായേല്‍ പ്രതിനിധിസംഘത്തില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിര്‍ ഫോക്, തടവുകാരുടെ ചുമതലയുള്ള ഗാല്‍ ഹിര്‍ഷ് എന്നിവരാണുള്ളത്.

സെപ്റ്റംബര്‍ ഒമ്പതിന് ഖത്തറിലെ ദോഹയില്‍ വച്ച് ഇസ്രായേല്‍ വധിക്കാന്‍ ശ്രമിച്ച ഹമാസിന്റെ മുതിര്‍ന്ന നേതാവാണ് ഖലീല്‍ അല്‍ഹയ്യ. അദ്ദേഹം ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടുവെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഈജിപ്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് അല്‍ഹയ്യ അല്‍അറബി ചാനലിന് പ്രത്യേക അഭിമുഖം നല്‍കുകയായിരുന്നു. മകന്റെ മരണം ഉള്‍പ്പെടെ സംഭവിച്ച വ്യക്തിപരമായ നഷ്ടങ്ങളും ഗസയില്‍ മരിച്ചവരുടെ വേദനയും തനിക്ക് ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ മകനും ഇസ്രായേല്‍ കൊന്നുകളഞ്ഞ മറ്റേത് ഫലസ്തീന്‍ കുഞ്ഞും ഒരുപോലെയാണ് അവര്‍ ചിന്തിയ ചോര ജറൂസലമിലേക്കുള്ള നമ്മുടെ വിജയത്തിന്റെ പാതയാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: