ഇന്ധനക്ഷാമത്തില്‍ കുരുങ്ങി ഗസയിലെ ആശുപത്രികള്‍; ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ ഉണ്ടായത് 600ലധികം ആക്രമണങ്ങള്‍
ഗസ: ഗസയിലെ ആശുപത്രികള്‍ക്ക് വെല്ലുവിളിയായി ഇന്ധനക്ഷാമം. ഇന്ധനക്ഷാമം ഗസ മുനമ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സെന്ററായ അല്‍ഷിഫ ആശുപത്രിയിലെ ഡോക്ടര്‍മാരെയും രോഗികളെയും ഇരുട്ടിലാക്കിയെന്നും ഇങ്ങനെ തുടര്‍ന്നാല്‍ ആശുപത്രി സ്തംഭിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.ഭീഷണികള്‍ 'ഷെല്ലുകളോ റോക്കറ്റുകളോ അല്ല, മറിച്ച് ഇന്ധനം പ്രവേശിക്കുന്നത് തടയുന്ന ഒരു ഉപരോധമാണ്, അവര്‍ക്ക് ചികില്‍സയ്ക്കുള്ള അവകാശം നിഷേധിക്കുകയും ആശുപത്രിയെ ഒരു ശ്മശാനമാക്കി മാറ്റുകയും ചെയ്യുന്നു' എന്ന് ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍ബര്‍ഷി പറഞ്ഞു.
ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ ജനറേറ്റര്‍ അടച്ചുപൂട്ടാന്‍ പോകുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ധനത്തിന്റെ അഭാവം 'ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നത് തുടരുന്നു' എന്ന് യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒസിഎച്ച്എ) മുന്നറിയിപ്പ് നല്‍കി.ഇന്ധനം അടിയന്തിരമായി എത്തിച്ചില്ലെങ്കില്‍ ഡസന്‍ കണക്കിന് രോഗികളുടെ, പ്രത്യേകിച്ച് വെന്റിലേറ്ററുകളിലുള്ളവരുടെ ജീവന്‍ അപകടത്തിലാകും എന്നതാണ് യാഥാര്‍ഥ്യം. അതേസമയം, ഇന്ധനക്ഷാമം ജല സംവിധാനങ്ങളെ തകരാറിലാക്കുന്നതിനാല്‍ 90 ശതമാനത്തിലധികം കുടുംബങ്ങള്‍ക്കും 'സുരക്ഷിതമായ വെള്ളം കിട്ടുന്നില്ല എന്ന റിപോര്‍ട്ടുകളുണ്ട്.
Premature babies overwhelmed a hospital nursery in Gaza due to a power outage and generator failure, as fuel supplies near depletion amid the ongoing Israeli siege that is suffocating the Strip. pic.twitter.com/GNqnA98qVQ
— Quds News Network (@QudsNen) July 10, 2025
2023 ഒക്ടോബര്‍ മുതല്‍ ഗസയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ 600 ലധികം ആക്രമണങ്ങള്‍ നടന്നതായി ലോകാരോഗ്യ സംഘടന റിപോര്‍ട്ട് ചെയ്തു. കൂട്ടകൊലപാതകങ്ങള്‍ നടത്തുന്നതിനിടെ ഇസ്രായേല്‍ നടത്തുന്ന ഉപരോധങ്ങള്‍ കാരണം ആരോഗ്യമേഖല തകര്‍ന്നു തരിപ്പണമായികൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.

