ഇസ്രായേല്‍ ഇതുവരെ നടത്തിയത് 500 വെടിനിര്‍ത്തല്‍ ലംഘനങ്ങളെന്ന് ഗസ ഗവണ്‍മെന്റ് ഓഫ് മീഡിയ
ഗസ: വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രായേല്‍ ഏകദേശം 500 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയതായി ഗസ ഗവണ്‍മെന്റ് ഓഫ് മിഡിയ. ഇസ്രായേലിന്റെ ആക്രണണങ്ങളില്‍ നുറുകണക്കിലധികം ആളുകള്‍ക്കാണ് പരിക്കേറ്റതെന്നും ഗസ ഗവണ്‍മെന്റ് ഓഫ് മിഡിയ പറഞ്ഞു. ശനിയാഴ്ച മാത്രം 24 ആളുകളാണ് കൊല്ലപ്പെട്ടത്.
പ്രസ്താവന പ്രകാരം, വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം നടന്ന ലംഘനങ്ങളില്‍ 342 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്. ആക്രണങ്ങളില്‍ 875 പേര്‍ക്ക് പരിക്കേറ്റു. ഇതുകൂടാതെ, ഇസ്രായേല്‍ സൈന്യം 35 പേരെ ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തതായും പ്രസ്താവനയില്‍ പറയുന്നു.
നേരിട്ടുള്ള വെടിവയ്പ്പ് കേസുകള്‍ 142, റെസിഡന്‍ഷ്യല്‍ അല്ലെങ്കില്‍ കാര്‍ഷിക മേഖലകളിലേക്ക് സൈനിക വാഹനങ്ങള്‍ നടത്തിയ 21 നുഴഞ്ഞുകയറ്റങ്ങള്‍, കര, വ്യോമ, പീരങ്കി മാര്‍ഗങ്ങളിലൂടെയുള്ള 228 ബോംബാക്രമണങ്ങള്‍, വീടുകളും സിവിലിയന്‍ സൗകര്യങ്ങളും തകര്‍ത്ത 100 സംഭവങ്ങള്‍ എന്നിവ ഇസ്രായേലിന്റെ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്ന് ഓഫീസ് അറിയിച്ചു.
ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് വ്യവസ്ഥാപിതവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനവുമാണ്. കരാറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇസ്രായേല്‍ വ്യാജ ന്യായങ്ങള്‍ മെനയുകയാണ്. അവര്‍ കരാര്‍ ദിനംപ്രതിയും ലംഘിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസ്സത്ത് അല്‍ റിഷ്ഖ് പറഞ്ഞു.
