ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണയെന്ന് ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസ്

Update: 2025-11-11 11:16 GMT

ഗസ: 282 തവണ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസ്. കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ആക്രമണങ്ങളില്‍ കുറഞ്ഞത് 242 പലസ്തീനികള്‍ കൊല്ലപ്പെടുകയും 620 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും മീഡിയ ഓഫീസ് വ്യക്തമാക്കി.

ഇസ്രായേല്‍ സൈന്യം 'സിവിലിയന്മാരെ ലക്ഷ്യമിട്ട് 88 നേരിട്ടുള്ള വെടിവയ്പ്പ് ആക്രമണങ്ങള്‍' നടത്തിയതായും, ജനവാസ മേഖലകളിലേക്ക് 12 സൈനിക വാഹനങ്ങള്‍ കടന്നുകയറിയതായും, 124 ബോംബാക്രമണങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും നടത്തിയതായും ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഗസ മുനമ്പിലുടനീളം 52 സിവിലിയന്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും 23 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും പ്രസ്താവനയില്‍ പറയുന്നു.

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ നിബന്ധനകള്‍ പാലിക്കാനും സമ്മര്‍ദ്ദം ചെലുത്തണമെന്നും ഗസ മീഡിയ ഓഫീസ് അമേരിക്കയോടും മധ്യസ്ഥരോടും ആവശ്യപ്പെട്ടു. 22,000-ത്തിലധികം ആളുകള്‍ക്ക് ശസ്ത്രക്രിയയും വൈദ്യസഹായവും ആവശ്യമാണെന്നും എന്നാല്‍ നിലവില്‍ എന്‍ക്ലേവില്‍ ഇത് ലഭ്യമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

വെടിനിര്‍ത്തല്‍ കരാറുകളുടെയും അനുബന്ധ മാനുഷിക ധാരണകളുടെയും നിബന്ധനകള്‍ അനുസരിച്ച്, നവംബര്‍ 6 വൈകുന്നേരത്തോടെ ഗസയില്‍ പ്രവേശിക്കേണ്ടിയിരുന്ന 15,600 ട്രക്കുകളില്‍ 4,453 ട്രക്കുകള്‍ മാത്രമേ പ്രവേശിച്ചിട്ടുള്ളൂ എന്ന് മീഡിയ ഓഫീസ് അറിയിച്ചു.ഭക്ഷണം, മാനുഷിക സഹായം എന്നിവ ഗസയിലേക്കെത്തിക്കുന്നതിന് ആവശ്യമായ എല്ലാ ക്രോസിങുകളും വീണ്ടും തുറക്കണമെന്നും ഗസ മീഡിയ ഓഫീസ് ആവശ്യപ്പെട്ടു.

Tags: