ഗസ വംശഹത്യ; നെതന്യാഹുവിനും ഇസ്രായേല്‍ മന്ത്രിമാര്‍ക്കുമെതിരേ തുര്‍ക്കിയുടെ അറസ്റ്റ് വാറണ്ട്
നെതന്യാഹുവിനൊപ്പം 37 ഇസ്രായേല്‍ നേതാക്കളും തുര്‍ക്കിയുടെ പ്രതിപ്പട്ടികയിലുണ്ട്
അങ്കാറ: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് തുര്‍ക്കിയുടെ അറസ്റ്റ് വാറണ്ട്. നെതന്യാഹുവിനു പുറമേ മറ്റ് 37 ഇസ്രായേല്‍ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്. ഗസ വംശഹത്യയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേല്‍ പ്രതിരോധമന്ത്രി കാറ്റ്‌സ്, സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍, ആര്‍മി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇസ്താംബുള്‍ പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. അതേസമയം, തുര്‍ക്കിയ നിലവില്‍ 37 പേരുടേയും പട്ടിക പുറപ്പെടുവിച്ചിട്ടില്ല.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ ഗസയില്‍ നടത്തുന്നത്. 2023 ഒക്ടോബര്‍ 17ന് അല്‍-അഹ്‌ലി ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 500 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈനികര്‍ ആശുപത്രികളിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ വരെ നശിപ്പിച്ചു. ഗസയെ ഉപരോധത്തിലാക്കി വലിയ പ്രതിസന്ധിയാണ് ഇസ്രായേല്‍ സൃഷ്ടിച്ചതെന്ന് തുര്‍ക്കി പറയുന്നു.
അതേസമയം, ഹമാസ് തുര്‍ക്കിയയുടെ നടപടിയെ സ്വാഗതം ചെയ്തു. അഭിനന്ദനീയമായ നടപടിയാണ് തുര്‍ക്കിയയുടെ ഭാഗത്തു നിന്നുണ്ടായത്. നീതി, മാനവികത, സാഹോദര്യം എന്നിവയാണ് ഫലസ്തീന്‍-തുര്‍ക്കി ജനതകളെ തമ്മില്‍ ബന്ധപ്പിക്കുന്ന പ്രധാന കണ്ണിയെന്നും ഹമാസ് വ്യക്തമാക്കി.
