ഗസ സുമുദ് ഫ്‌ലോട്ടില്ല; അപകടസാധ്യതയുള്ള എന്‍ക്ലേവിലേയ്ക്ക് പ്രവേശിച്ചെന്ന് റിപോര്‍ട്ടുകള്‍
ഗസ: ഗസയിലേക്ക് പോകുന്ന സഹായ ഫ്‌ലോട്ടില്ല കപ്പലുകള്‍ ആക്രമണങ്ങളും തടസ്സങ്ങളും ഉള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിച്ചെന്ന് റിപോര്‍ട്ടുകള്‍. തുടര്‍ന്ന്, നാവിക കമാന്‍ഡോകളും യുദ്ധക്കപ്പലുകളും ഉപയോഗിച്ച് ഇസ്രായേല്‍ സൈന്യം ഫ്‌ലോട്ടില്ലയുടെ 'നിയന്ത്രണം ഏറ്റെടുക്കാന്‍' തയ്യാറെടുക്കുകയാണെന്നാണ്, ഇസ്രായേല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കാന്‍ റിപോര്‍ട്ട് ചെയ്തത്. നാവിക കപ്പലുകളില്‍ നൂറുകണക്കിന് ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അഷ്ദോദ് തുറമുഖം വഴി നാടുകടത്താനാണ് ഇസ്രായേല്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം.
ഓഗസ്റ്റ് 31 ന് സ്‌പെയിനില്‍ നിന്ന് പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല, ഗസയിലേക്കുള്ള ഇതുവരെയുള്ള ഏറ്റവും വലിയ സമുദ്ര ദൗത്യമാണ്. ഇസ്രായേലിന്റെ നാവിക ഉപരോധത്തെ വെല്ലുവിളിക്കുന്നതിനും ഗസയിലേക്ക് സഹായം എത്തിക്കുന്നതിനുമുള്ള ഒരു അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, കുറഞ്ഞത് 44 രാജ്യങ്ങളില്‍ നിന്നുള്ള 50 ലധികം കപ്പലുകളും പ്രതിനിധികളും ഇതില്‍ പങ്കുചേരുന്നു.