ഗോത്രങ്ങള്‍ക്ക് ഗസ ഭരിക്കാമെന്ന് ഇസ്രായേല്‍; വേണ്ടെന്ന് ഗോത്രങ്ങള്‍; ബോംബിട്ട് ഇസ്രായേലി സൈന്യം
ഗസ സിറ്റി: ഫലസ്തീനിലെ ഗസ മുനമ്പ് ഭരിക്കാന്‍ ഗോത്രങ്ങളെ അനുവദിക്കാമെന്ന് ഇസ്രായേല്‍. ഈ വാഗ്ദാനം തള്ളിയ ഗോത്രങ്ങള്‍ക്ക് നേരെ ഇസ്രായേലി സൈന്യം വ്യോമാക്രമണം നടത്തി. ഹമാസിന് പകരം ഗസ ഭരിക്കാന്‍ ഗോത്രങ്ങളെ അനുവദിക്കാമെന്നാണ് ഇസ്രായേലി സൈനിക നേതൃത്വവും രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്തിന്റെ നേതൃത്വവും പ്രമുഖ ഗോത്രങ്ങളുടെ നേതാക്കളോട് പറഞ്ഞതെന്ന് സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഷ്‌റഖ് അല്‍ അവ്‌സാത്ത് പത്രം റിപോര്‍ട്ട് ചെയ്തു. ബക്കര്‍, ദുര്‍മുഷ് ഗോത്രങ്ങളോടാണ് ഇസ്രായേലികള്‍ സംസാരിച്ചത്.
ഹമാസിനെതിരെ ആയുധമെടുക്കണമെന്നും രഹസ്യവിവരങ്ങള്‍ കൈമാറണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, ഗോത്ര മേധാവികള്‍ അത് തള്ളി. അതിന് ശേഷം ഗോത്ര നേതാക്കളുടെ വീടുകള്‍ക്ക് നേരെ ഇസ്രായേലി സൈന്യം വ്യോമാക്രമണം നടത്തി. ദുര്‍മുഷ് ഗോത്രത്തിലെ 30 പേര്‍ സബ്ര പ്രദേശത്ത് നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 20 പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. അല്‍ ഷാത്തി ക്യംാപില്‍ നടത്തിയ ആക്രമണത്തില്‍ ബക്കര്‍ ഗോത്രത്തിലെ ആറു പേര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഹമാസിന് പകരം ഗസ ഭരിക്കാന്‍ ദുര്‍മുഷ് ഗോത്രത്തെയാണ് ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്നതെന്ന് 2024ല്‍ ടെലഗ്രാഫ് പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഹമാസിനോടാണ് കൂറെന്ന് ഗോത്രം പ്രഖ്യാപിച്ചു.