കെയ്‌റോ: ഗസയിലെ രണ്ടാംഘട്ട വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ക്കായി ഇസ്രായേലി പ്രതിനിധി സംഘം തിങ്കളാഴ്ച്ച ഖത്തറിലേക്ക് പോവും. ഉന്നത ഉദ്യോഗസ്ഥരായ ഗാല്‍ ഹിര്‍സ്ഷ്, എം എന്ന പേരില്‍ അറിയപ്പെടുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഖത്തറിലെത്തുക. യുഎസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം, വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് ഹമാസ് അറിയിച്ചു. ഈജിപ്തിന്റെ ജനറല്‍ ഇന്റലിജന്‍സ് മേധാവിയായ മേജര്‍ ജനറല്‍ ഹസന്‍ റഷാദുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഹമാസ് ശൂറ കൗണ്‍സില്‍ അംഗമായ മുഹമ്മദ് ഡാര്‍വിഷാണ് ഇക്കാര്യം അറിയിച്ചത്.
ഗസയുടെ ഭാവി ഭരണം സംബന്ധിച്ച തങ്ങളുടെ നിലപാടും ഹമാസ് ആവര്‍ത്തിച്ചു. ഫതഹ് പാര്‍ട്ടിയും ഹമാസും അടക്കമുള്ള വിവിധ ഫലസ്തീനിയന്‍ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായ കമ്മ്യൂണിറ്റി സപോര്‍ട്ട് കമ്മിറ്റി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലായിരിക്കും ഭരണം നടക്കേണ്ടതെന്ന് ഹമാസ് വ്യക്തമാക്കി.
അതേസമയം, ഗസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഈജിപ്ത് കൊണ്ടുവന്ന പദ്ധതി അറബ് ലീഗിന് പിന്നാലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷനും അംഗീകരിച്ചു. ഈ പദ്ധതിക്ക് ഫ്രാന്‍സും ജര്‍മനുയും ഇറ്റലിയും ബ്രിട്ടനും പിന്തുണച്ചു. ഗസ നിവാസികളെ കുടിയൊഴിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിന് എതിരാണ് ഈജിപ്ത് കൊണ്ടുവന്ന പദ്ധതി.
