ഗസയിലെ ഇസ്രയേല്‍ വംശഹത്യ; ബോംബെ ഹൈക്കോടതി നിരീക്ഷണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പോലും തിരിച്ചറിയാതെ: പി കെ ഉസ്മാന്‍
തിരുവനന്തപുരം: ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പോലും തിരിച്ചറിയാതെയുള്ളതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍.
ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതയില്‍ പ്രതിഷേധിക്കാനുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അവകാശം മുംബെ പോലീസ് നിഷേധിച്ചപ്പോഴാണ് കോടതിയെ സമീപിക്കേണ്ടി വന്നത്. കോടതിയാവട്ടെ ഫാഷിസ്റ്റ് സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ക്ക് കൈയൊപ്പ് ചാര്‍ത്തുന്ന നിരീക്ഷണങ്ങളാണ് നടത്തിയത്. ഇത് ഭരണഘടനാ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവും രാജ്യത്തിന്റെ പൈതൃകത്തെ നിഷേധിക്കുന്നതുമാണ്. ഇസ്രയേല്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍ മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയുടെ വിദേശനയവും ഫലസ്തീന്‍ ജനതയുടെ സ്വതന്ത്ര മാതൃരാജ്യമെന്ന അവകാശത്തിന് പിന്തുണ നല്‍കിയെന്ന വസ്തുത കോടതി വിസ്മരിച്ചു.
ഇസ്രയേല്‍ കടന്നാക്രമണത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രതിഷേധവും യുഎന്‍ സമിതികളുടെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും നിലപാടുകളും ഹൈക്കോടതി തിരിച്ചറിഞ്ഞില്ല എന്നത് ഖേദകരമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടി എന്തു സമീപനം സ്വീകരിക്കണമെന്നും എന്തൊക്കെ ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിക്കുന്ന സാഹചര്യം ജനാധിപത്യത്തിന്റെ തിരസ്‌കരണമാണ്. കോടതിയുടെ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്കെതിരേ ജനാധിപത്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിയോജിപ്പ് രേഖപ്പെടുത്താന്‍ പൗരസമൂഹം തയ്യാറാവണമെന്നും പി കെ ഉസ്മാന്‍ അഭ്യര്‍ഥിച്ചു.
