ബംഗളൂരു: പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിലെ പ്രോസിക്യൂഷന്‍ സാക്ഷി കൂറുമാറി. ഗൗരി ലങ്കേഷിനെ കൊല്ലുന്നതിന് മുമ്പ് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ആയുധ പരിശീലന ക്യാംപുകളില്‍ പങ്കെടുത്തിരുന്നുവെന്ന് മൊഴി നല്‍കിയ 37കാരനായ സാക്ഷിയാണ് മൊഴി മാറ്റിയത്. കര്‍ണാടകത്തിലെ ബെല്‍ഗാമിലെ ഹിന്ദുത്വ പ്രവര്‍ത്തകനാണ് സിആര്‍പിസിയിലെ 164ാം വകുപ്പ് പ്രകാരം 2018 സെപ്റ്റംബറില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴികള്‍ മാറ്റിയത്. 2018 നവംബര്‍ 18ന് ബംഗളൂരില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിനെയും ഇയാള്‍ നിഷേധിച്ചു. പ്രതികളെ അന്ന് ഇയാള്‍ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് പ്രതി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
കന്നഡ ടാബ്ലോയ്ഡ് മാഗസിനായ ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഹിന്ദുത്വ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടത്. ഹിന്ദു ജന ജാഗ്രുതി, സനാതന്‍ സന്‍സ്ത എന്നീ സംഘടനകളുടെ ഗൂഡാലോചനയിലാണ് കൊലപാതകം നടന്നത്. ഇവര്‍ ആയുധ പരിശീലനം നടത്തിയെന്ന മൊഴി മൂന്നു പേരാണ് നല്‍കിയിരുന്നത്. ഹിന്ദു ജന ജാഗ്രുതി കണ്‍വീനറായിരുന്ന അമോല്‍ കാലെ അടക്കമുള്ളവര്‍ തന്നെ സമീപിച്ച് ആയുധ പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു ഇപ്പോള്‍ മൊഴി പിന്‍വലിച്ചയാള്‍ ആദ്യം പറഞ്ഞത്. ബെല്‍ഗാമിലായിരുന്നു ക്യാംപ് നടന്നത്.
തനിക്ക് അമോല്‍ കാലെയെ അറിയില്ലെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. കൂടാതെ മഹാരാഷ്ട്രയിലെ ജല്‍നയിലും കര്‍ണാടകയിലെ ധര്‍മസ്ഥലയിലും നടന്ന ക്യാംപുകളെ കുറിച്ച് അറിയില്ലെന്നും പറഞ്ഞു. കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബെല്‍ഗാം സ്വദേശിയായ പ്രതി ജല്‍ന ക്യാംപിലുണ്ടായിരുന്നു. അന്ന് ക്യാംപില്‍ ബഡേ മഹാത്മജി, ഛോട്ടേ മഹാത്മജി, ബഡേ ബാബാജി, ഭായി സാബ് എന്നീ നാലു പരിശീലകരും ഉണ്ടായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതിനായിരുന്നു ക്യാംപില്‍ പരിശീലനം നല്‍കിയിരുന്നത്. അമിത് ദെഗ്‌വേക്കര്‍, വീരേന്ദ്ര തവാഡെ, ശരദ് കലാസ്‌കര്‍, ശ്രീകാന്ത് പന്‍ഗാര്‍ക്കര്‍, വാസുദേവ് സൂര്യവംശി, ഗണേശ് മിസ്‌കിന്‍, അമിത് ബഡ്ഡി, ഭരത് കുര്‍ണെ, സച്ചിന്‍ അന്തുറെ, പ്രവീണ്‍ ചാറ്റൂര്‍ എന്നിവരാണ് ക്യാംപിലുണ്ടായിരുന്നതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. പക്ഷേ, ഇതെല്ലാം ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണ്.
കേസിലെ മറ്റൊരു പ്രതിയായ എച്ച് എല്‍ സുരേഷിന് ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക് നല്‍കിയ ഒരു സാക്ഷി കഴിഞ്ഞ വര്‍ഷം കൂറുമാറിയിരുന്നു. ഗൗരി ലങ്കേഷിന്റെ വീട് നിരീക്ഷിക്കാനാണ് സുരേഷ് ബൈക്ക് കൊണ്ടുപോയത്. ബൈക്ക് സാക്ഷിയുടെ അമ്മയുടെ പേരിലാണെങ്കിലും കൂറുമാറി.
മഹാരാഷ്ട്രയിലെ യുക്തിവാദിയായ നരേന്ദ്ര ധബോല്‍ക്കറെ 2013ല്‍ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ വര്‍ഷം ശരദ് കലാസ്‌കറെ ശിക്ഷിച്ചിരുന്നു. സിബിഐയാണ് ഈ കേസ് അന്വേഷിച്ചത്.ഗൗരി ലങ്കേഷിനെ കൊല്ലാന്‍ ഉപയോഗിച്ച തോക്കാണ് എം എം കല്‍ബുര്‍ഗിയെ കൊല്ലാന്‍ ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. വെടിയുണ്ടകളുടെ ബാലിസ്റ്റിക് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. 2015ല്‍ മഹാരാഷ്ട്രയിലെ സിപിഐ നേതാവായ ഗോവിന്ദ് പന്‍സാരെയെ കൊല്ലാനും ഈ തോക്ക് തന്നെയാണ് ഉപയോഗിച്ചത്. 2013ല്‍ നരേന്ദ്ര ധബോല്‍ക്കറെ കൊല്ലാനും ഈ തോക്ക് ഉപയോഗിച്ചു.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും വിശ്വാസത്തിനും എതിരായവരെ കണ്ടെത്തി കൊല്ലുകയായിരുന്നു ഹിന്ദുത്വ സംഘത്തിന്റെ ലക്ഷ്യമെന്ന് പ്രത്യേക പോലിസ് സംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രം പറയുന്നുണ്ട്. സനാതന്‍ സന്‍സ്ത പ്രസിദ്ധീകരിച്ച 'ക്ഷത്ര ധര്‍മ സാധന' എന്ന പുസ്തകമായിരുന്നു സംഘം പിന്തുടര്‍ന്നിരുന്നത്.

