ഗൗരി ലങ്കേഷ് വധക്കേസ് പ്രതി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുന്നു
മഹാരാഷ്ട്ര: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍ക്കര്‍ മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. ജനുവരി 15ന് നടക്കാനിരിക്കുന്ന ജല്‍ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 13ാം വാര്‍ഡ് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ശ്രീകാന്ത് പങ്കാര്‍ക്കര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപിയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നുമുള്ള എതിരാളികളേയാണ് അദ്ദേഹം നേരിടുന്നത്. അതേസമയം, ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന അദ്ദേഹത്തിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. 2024 അവസാനത്തില്‍ പങ്കാര്‍ക്കര്‍ ശിവസേനയില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഒരു വിവാദത്തെ തുടര്‍ന്നാണിത്. പൊതുജന പ്രതിഷേധത്തെത്തുടര്‍ന്ന്, ഷിന്‍ഡെ തന്റെ ഔദ്യോഗിക അംഗത്വം നിര്‍ത്തിവച്ചിരുന്നു.
2017 സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ സ്വന്തം വീടിനു പുറത്ത് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അവരുടെ കൊലപാതകം അഭിപ്രായ സ്വാതന്ത്ര്യത്തേയും രാഷ്ട്രീയ അസഹിഷ്ണുതയേയും കുറിച്ച് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. 2001 മുതല്‍ 2006 വരെ ശിവസേനയില്‍ പ്രാദേശിക കൗണ്‍സിലറായി സേവനമനുഷ്ഠിച്ചാണ് പങ്കാര്‍ക്കറുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2011ല്‍ പാര്‍ട്ടി അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു ജന്‍ജാഗ്രുതി സമിതിയില്‍ ചേര്‍ന്നു. 2018 ആഗസ്റ്റില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ്(എടിഎസ്)അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും ഉള്‍പ്പെട്ട ഒരു കേസില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന്, യുഎപിഎ കുറ്റം ചുമത്തി. 2024 സെപ്റ്റംബര്‍ നാലിന്, ഗൗരി ലങ്കേഷ് വധക്കേസില്‍ കര്‍ണാടക ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
