23 വര്‍ഷം മുമ്പ് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ 'ഗ്യാസ് രാജേന്ദ്രന്‍' പിടിയില്‍
ചേര്‍ത്തല: വിവിധ ജില്ലകളില്‍ നിരവധി മോഷണങ്ങള്‍ നടത്തുകയും കഞ്ചാവ് വില്‍ക്കുകയും ചെയ്ത കേസിലെ പ്രതിയായ കൊല്ലം സ്വദേശി 23 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കൊല്ലം കുണ്ടറ സ്വദേശിയായ കോയമ്പത്തൂര്‍ പുതുമല്‍പേട്ട കലച്ചിക്കാട് വെയര്‍ഹൗസില്‍ ഭുവനചന്ദ്രനെ(ഗ്യാസ് രാജേന്ദ്രന്‍-56)യാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്.
2002ല്‍ ചേര്‍ത്തല സ്വദേശിയുടെ കാര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ കോടതിയില്‍നിന്നു ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. രണ്ടര ഏക്കര്‍ സ്ഥലവും ബംഗ്ലാവ് വീടും ഒറ്റദിവസംകൊണ്ട് വിറ്റാണ് ഇയാള്‍ മുങ്ങിയത്. കൊല്ലം പ്ലാപ്പള്ളി, തൃശ്ശൂര്‍, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചുവരുകയായിരുന്നു. ശാന്തന്‍പാറയില്‍ അയല്‍വാസികളോടെല്ലാം നല്ല ബന്ധം സ്ഥാപിച്ചിരുന്ന ഭുവനചന്ദ്രന്‍ ദൂരസ്ഥലങ്ങളിലായിരുന്നു മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. മുമ്പ് ഇയാളുടെ കൂട്ടുപ്രതികളായിരുന്ന വിവിധ ജില്ലകളിലുള്ളവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് അങ്കമാലിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.