നിശാക്ലബ്ബില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം; മരിച്ചവരുടെ എണ്ണം 25 ആയി
പനാജി: വടക്കന്‍ ഗോവയിലെ നിശാക്ലബ്ബില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. നാല് വിനോദസഞ്ചാരികളും 14 ജീവനക്കാരും ഉള്‍പ്പെടെയാണ് മരിച്ചത്. സംസ്ഥാന തലസ്ഥാനമായ പനാജിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അര്‍പോറ ഗ്രാമത്തിലെ ബിര്‍ച്ച് ബൈ റോമിയോ ലെയ്‌നിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം.
ശക്തമായ സ്‌ഫോടനത്തെത്തുടര്‍ന്ന് നിശാക്ലബ് മുഴുവന്‍ തീജ്വാലയില്‍ മുങ്ങി. സമീപവാസികള്‍ ഉടന്‍ തന്നെ പോലിസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഗോവ പോലീസ് മേധാവി അലോക് കുമാറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു.
സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് ഗോവ പോലിസ് മേധാവി അലോക് കുമാര്‍ സ്ഥിരീകരിച്ചു. '23 മൃതദേഹങ്ങളും കണ്ടെടുത്ത് ബാംബോലിമിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് അയച്ചിട്ടുണ്ട്,'' പ്രാദേശിക ബിജെപി എംഎല്‍എ മൈക്കല്‍ ലോബോ പറഞ്ഞു.
അഗ്‌നി സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെയാണ് ക്ലബി പ്രവര്‍ത്തിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോവയിലെ വിനോദസഞ്ചാര സീസണിലെ ഏറ്റവും തിരക്കേറിയ സമയത്താണ് ഇത് സംഭവിച്ചതെന്നും സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും സാവന്ത് പറഞ്ഞു.
