പയ്യന്നൂര്‍: പാചകവാതക ഏജന്‍സി ജീവനക്കാരനെ ആക്രമിച്ച് 2,05,400 രൂപ കവര്‍ന്നു. ചെറുകുന്നിലെ അന്നപൂര്‍ണ ഏജന്‍സി ജീവനക്കാരനും പയ്യന്നൂര്‍ റൂറല്‍ ബാങ്ക് റിട്ട. ജീവനക്കാരനുമായ സി കെ രാമകൃഷ്ണനെ (59) ആണ് ആക്രമിച്ച് പണം തട്ടിപ്പറിച്ചത്. ഇന്നലെ രാത്രി 7.30-ഓടെയാണ് സംഭവം.
ഗ്യാസ് ഏജന്‍സി ഓഫീസിലെ കളക്ഷന്‍ തുക വൈകീട്ട് രാമകൃഷ്ണന്‍ വീട്ടിലേക്ക് വരുമ്പോള്‍ കൊണ്ടുവരാറാണ് പതിവ്. ഇത് അറിയാവുന്നവരാണ് കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകും വഴി വീടിനു സമീപത്തുള്ള ഇടറോഡില്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ ആക്രമികളില്‍ ഒരാള്‍ ഹെല്‍മെറ്റും രണ്ടാമന്‍ മാസ്‌കും ധരിച്ചിരുന്നുവെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. അടുത്തെത്തി കഞ്ചാവു വില്പനയാണ് തനിക്ക് പണി അല്ലേ എന്ന് ചോദിക്കുകയും ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബലമായി ബാഗിനുള്ളിലെ പണം എടുത്ത ആക്രമികള്‍ കുറച്ച് ദൂരെ വെച്ച ബൈക്കില്‍ കയറി കടന്നുകളയുകയായിരുന്നു. പിന്തുടര്‍ന്നോടിയ രാമകൃഷ്ണനെ ഇവര്‍ തള്ളിവീഴ്ത്തി. വീഴ്ചയില്‍ കല്ലില്‍ തലയിടിച്ച് രാമകൃഷ്ണന് പരിക്കേറ്റു. പയ്യന്നൂര്‍ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി. അമ്പലം റോഡുവഴി പയ്യന്നൂര്‍ ബികെഎം ജങ്ഷന്‍ ഭാഗത്തേക്കാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്. മൂന്നുപേര്‍ പോകുന്നത് കണ്ടതായി രാമകൃഷ്ണന്‍ തന്നെ പറയുന്നുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടന്‍ റോഡുകളിലും ഇടവഴികളിലുമെല്ലാം പരിശോധന നടത്തി. പോലിസും റോന്തുചുറ്റിയെങ്കിലും കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടിരുന്നു.