ലഖ്നൗ: രണ്ട് രാജ്യങ്ങളിലും ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലുമായി പരന്നൊഴുകുകയും പുണ്യം കാംക്ഷിച്ചുകൊണ്ട് വര്‍ഷംതോറും ആളുകള്‍ എത്തിച്ചേരുകയും ചെയ്യുന്ന നദികളിലൊന്നാണ് ഗംഗ. സംഘടനകളും വ്യക്തികളും കാലങ്ങളായി ശ്രമിച്ചിട്ടും ഇതുവരേയും ഗംഗയെ പരിപൂര്‍ണമായി മലിനമുക്തമാക്കാനായിട്ടില്ല.
ഇപ്പോഴിതാ, ജെയ്മി വെയ്ഡെന്ന ബയോളജിസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. റിവര്‍ മോണ്‍സ്റ്റേഴ്സ് എന്ന പരിപാടിയിലൂടെ ബ്രിട്ടീഷ് ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയനായ അവതാരകനും എഴുത്തുകാരനും ബയോളജിസ്റ്റുമാണ് അദ്ദേഹം.
രാസവസ്തുക്കളുടെ സാന്നിധ്യത്തില്‍ നിറംമാറുന്ന കെമിക്കലടങ്ങിയ കണ്ടെയ്നറുമായാണ് അദ്ദേഹം ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചത്. 'ഇതില്‍ തെളിയുന്നത് പിങ്ക് നിറമാണെങ്കില്‍ വെള്ളം ശുദ്ധമാണെന്നാണ് അര്‍ത്ഥം. മറിച്ചാണെങ്കില്‍ പ്രശ്നമാണ്'. അദ്ദേഹം വിശദീകരിച്ചു.
കയ്യിലുണ്ടായിരുന്ന കുപ്പിയിലെ മിനറല്‍ വാട്ടറില്‍ ആദ്യം സാമ്പിള്‍ പരിശോധന നടത്തുകയും ചെയ്തു. സാമ്പിള്‍ പരിശോധനയില്‍ മിനറല്‍ വാട്ടര്‍ ഇരുണ്ട പിങ്ക് നിറമായി മാറിയിരുന്നു. അഥവാ, വെള്ളം ശുദ്ധമായിരുന്നുവെന്ന് ചുരുക്കം.
തുടര്‍ന്ന് അദ്ദേഹം ഗംഗാ നദിയിലെ ജലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു. കണ്ടയ്നറിലെ ജലം പതിയെ ബ്രൗണ്‍ നിറമായി മാറുകയായിരുന്നു. 'ഗംഗാ നദിയിലെ അവസ്ഥയാണിത്. എന്താണ് ഇതിന്റെയെല്ലാം അര്‍ത്ഥം? പരിശോധനയില്‍ തെളിയുന്നത് ഫേഷ്യല്‍ കോളിഫോം ബാക്ടീരിയ ഈ ജലത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ്. അഥവാ, മനുഷ്യവിസര്‍ജ്യം അടങ്ങിയിരിക്കുന്നു'. വെയ്ഡ് വീഡിയോയില്‍ പങ്കുവെച്ചു.
ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പുണ്യനദിയായി കണക്കാക്കുന്ന ഗംഗാ നദിയിലെ മലിനീകരണത്തെ കുറിച്ച് വെളിപ്പെടുത്തുന്നതിലെ ആശങ്കയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. 'ഗംഗാ നദി മലിനമാണെന്ന് പറയുന്നത് നിരവധി ഹിന്ദുക്കളെ വേദനിപ്പിക്കുമെന്നറിയാം. പറയാതിരിക്കാനാവില്ല. ഇതാണ് അവസ്ഥ.' അദ്ദേഹം വ്യക്തമാക്കി.
ഒരു പുരോഹിതന്‍ പുണ്യസ്നാനത്തിനായി തന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവെന്നും അദ്ദേഹത്തിന് ഒന്നും തോന്നരുതെന്ന് കരുതി താന്‍ സ്നാനം ചെയ്‌തെന്നും വെയ്ഡ് പറഞ്ഞു. പുരോഹിതന്‍ നദിയിലേക്കിറങ്ങി ചെയ്യുന്ന കാര്യങ്ങളെല്ലാം വെയ്ഡ് അതേപടി ആവര്‍ത്തിച്ചു.
സോഷ്യല്‍മീഡിയയില്‍ വെയ്ഡ് പങ്കുവെച്ച ദൃശ്യങ്ങള്‍ ഇതിനോടകം നിരവധി പേരാണ് കണ്ടത്. മതവിശ്വാസങ്ങള്‍ ഗംഗയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മതം ഇന്ത്യയെ നാശത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നും അടക്കമുള്ള നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ നിറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു മതവും മറ്റൊന്നിനേക്കാളും മുകളിലല്ലെന്നും വിശ്വാസങ്ങള്‍ക്ക് ശാസ്ത്രത്തെ പരാജയപ്പെടുത്താനാവില്ലെന്നും മറ്റൊരാള്‍ കുറിച്ചു.
വെയ്ഡ് പങ്കുവെച്ച വീഡിയോക്ക് പിന്നാലെ ഗംഗാ നദിയിലെ മലിനീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്.

