ഗാന്ധിപ്രതിമയില്‍ കൂളിങ്ഗ്ലാസ് വച്ചത് അധാര്‍മികം; ശിക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ക്രിസ്മസ് ആഘോഷത്തിനിടെ ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വെച്ച വിദ്യാര്‍ഥിയുടെ നടപടി അധാര്‍മികമാണെങ്കിലും ശിക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി. ശിക്ഷിക്കാന്‍ വകുപ്പില്ലാത്തതിനാല്‍ വിദ്യാര്‍ഥിയുടെ പേരിലുള്ള കേസ് കോടതി റദ്ദാക്കി.
2023 ഡിസംബര്‍ 21ന് ചൂണ്ടി ഭാരത് മാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലിലെ ക്രിസ്മസ് ആഘോഷത്തിനിടയിലായിരുന്നു സംഭവം. വാട്‌സാപ്പ് ഗ്രൂപ്പിലടക്കം പ്രചരിപ്പിച്ചു. പരാതിയെത്തുടര്‍ന്ന് എടത്തല പോലിസാണ് കലാപത്തിന് ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍പ്രകാരം കേസെടുത്തത്. കോളേജ് അധികൃതരും വിദ്യാര്‍ഥിക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കരുതിക്കൂട്ടി ചെയ്തതല്ലെന്നും ആവേശത്തില്‍ ചെയ്തുപോയതാണെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ വാദം. തെറ്റു മനസ്സിലായതോടെ കൂളിങ് ഗ്ലാസും കഴുത്തില്‍ അണിയിച്ച പുഷ്പചക്രവും നീക്കിയെന്നും വിശദീകരിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും അവകാശവുമൊക്കെ മൗലികമായ ചില ചുമതലകളാല്‍ നിയന്ത്രിതമാണെന്ന് വിദ്യാര്‍ഥി ഓര്‍ക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഈ കാര്യത്തിന് വിദ്യാര്‍ഥിയെ ശിക്ഷിക്കാന്‍ ദേശീയ ബഹുമതികളെ അധിക്ഷേപിക്കുന്നത് തടയുന്ന 1971ലെ നിയമത്തില്‍ വകുപ്പില്ല. അതിനാല്‍, കേസ് റദ്ദാക്കുകയാണെന്നും കോടതി പറഞ്ഞു.