ഗാന്ധിജയന്തി ഉപവാസ ദിനമായി ആചരിക്കും

Update: 2025-09-30 06:57 GMT

കൊച്ചി: ഗാന്ധിജയന്തി ദിനം ഉണരൂ യുവതേ എന്ന മുദ്രാവാക്യത്തില്‍ ഉപവാസ ദിനമായി ആചരിക്കാന്‍ സാമൂഹിക സാംസ്‌ക്കാരിക സംഘടനയായ ട്രയാങ്കിള്‍ തീരുമാനിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളിലാണ് ദിനാചരണം നടക്കുക. തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നിലും തൊഴുപുഴ ഗാന്ധി സ്‌ക്വയറിലും എറണാകുളത്ത് ഗാന്ധി സ്‌ക്വയറിലും പട്ടാമ്പിയില്‍ മേലെ പട്ടാമ്പിയിലും കോഴിക്കോട് ബീച്ചിലുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുക്കുന്ന ഓരോ വളണ്ടിയര്‍മാരും ഗാന്ധി തൊപ്പി ധരിക്കണം. ഭരണ വര്‍ഗ ചൂഷണത്തിനെതിരെ പ്രതിഷേധാത്മകമായി കറുത്ത വസ്ത്രം ധരിക്കുകയും വേണം. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടത്തുന്ന ഉപവാസം രാവിലെ 10 മണിക്ക് ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്യും. ട്രയാങ്കിള്‍ ചെയര്‍മാന്‍ എന്‍ എ മുഹമ്മദ് കുട്ടി അധ്യക്ഷനായിരിക്കും. കെപിസിസി സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, എന്‍സിപി ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ്, ബ്രിഗേഡിയര്‍ എന്‍ ബാലന്‍, ട്രയാങ്കിള്‍ കണ്‍വീനര്‍ പി ജെ ആന്റണി, കല്ലറ മോഹന്‍ദാസ്, എന്‍എംസി ജില്ലാ പ്രസിഡന്റ് ജീവ മേരി, പി ജി സുഗുണന്‍, വിജയകുമാര്‍ സംസാരിക്കും.

ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായതിനാലും സാമൂഹിക വിപത്തുകള്‍ക്കെതിരെ കരുത്തോടെ പോരാടാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഉപവാസ പരിപാടിയില്‍ സഹകരിക്കണമെന്നും വിജയിപ്പിക്കണമെന്നും എന്‍ എ മുഹമ്മദ് കുട്ടി അഭ്യര്‍ത്ഥിച്ചു.