ആലപ്പുഴ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ഈ സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു സുധാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
''സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15% ദേവദാസിന് എതിരായിരുന്നു''. 1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമര്‍ശം. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം അന്നു വിജയിച്ചത്.