'അമ്പലപ്പുഴയില്‍ ജി സുധാകരന്‍ സ്വതന്ത്രനായി മല്‍സരിക്കുന്നത് പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല'; സജി ചെറിയാന്‍
ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കാനൊരുങ്ങുന്ന ജി സുധാകരനെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. ജി സുധാകരന്‍ പാര്‍ട്ടിയെ പച്ചയ്ക്ക് ചതിച്ചു, നേത്യത്വം കൃത്യമായ മറുപടി നല്‍കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. സുധാകരന്‍ മല്‍സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ അദ്ദേഹം മല്‍സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാര്‍ട്ടിക്ക് 'ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും' സജി ചെറിയാന്‍ പരിഹസിച്ചു. പാര്‍ട്ടിയെ തള്ളിപ്പറയേണ്ട തരത്തില്‍ ഒരു ദ്രോഹവും സിപിഎം ജി സുധാകരനോട് ചെയ്തിട്ടില്ലെന്നും തനിക്കെതിരേ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയുന്നില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
63 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിട്ട് ആ പ്രസ്ഥാനത്തെ തള്ളിപ്പറയുകയാണ് ജി സുധാകരന്‍ ചെയ്തത്. എന്ത് ദ്രോഹമാണ് ജി സുധാകരനോട് പാര്‍ട്ടി ചെയ്തതെന്ന് വ്യക്തമാക്കണം. പാര്‍ട്ടിക്ക് അകത്തുനിന്ന് നിലപാടുകള്‍ പറയുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ പാര്‍ട്ടിയെ ചതിക്കുന്ന നിലപാട് ചെയ്തത് ശരിയായില്ല. ഇടതുപക്ഷം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സമയത്ത് പാര്‍ട്ടിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഒരു സഖാവ് അസ്വസ്ഥനായി. അദ്ദേഹത്തിന് മല്‍സരിക്കണമെങ്കില്‍ അദ്ദേഹം മല്‍സരിക്കട്ടെ എന്ന് സജി ചെറിയാന്‍ പറഞ്ഞു.
ഒരു ദ്രോഹവും അദ്ദേഹത്തിനെതിരേ ചെയ്തിട്ടില്ല. ഞങ്ങളായിട്ട് പാര്‍ട്ടിയില്‍ നിന്നും ജി സുധാകരനെ പുറത്താക്കിയിട്ടില്ല. മല്‍സരിക്കാന്‍ ആണെങ്കില്‍ അത് പറഞ്ഞിട്ട് ഇറങ്ങിപ്പോകണം. കഴിഞ്ഞ ദിവസം പോലും പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നേരിട്ടുപോയി കണ്ടിരുന്നു. സുധാകരനെ ഒപ്പം നിര്‍ത്തി മുന്നോട്ടു പോകാനാണ് പാര്‍ട്ടി എപ്പോഴും ആഗ്രഹിച്ചത്. എന്നാല്‍ ഇത്രയും കാലം എല്ലാ പദവികളും അംഗീകാരങ്ങളും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയെ എന്തിനാണ് അദ്ദേഹം ഇപ്പോള്‍ തള്ളിപ്പറയുന്നതെന്ന് സജി ചെറിയാന്‍ ചോദിച്ചു. അമ്പലപ്പുഴയിലെ വോട്ടര്‍മാര്‍ പാര്‍ട്ടി ചിഹ്നത്തിനും രാഷ്ട്രീയത്തിനുമാണ് വോട്ടു ചെയ്യുന്നതെന്നും വ്യക്തികള്‍ക്കല്ലെന്നും സജി ചെറിയാന്‍ ഓര്‍മ്മിപ്പിച്ചു.
പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരാണെന്ന ജി സുധാകരന്‍ വ്യക്തമാക്കണം. അദ്ദേഹം ഉള്‍പ്പെടെയുള്ളവരാണ് ആലപ്പുഴയില്‍ പാര്‍ട്ടിയെ നയിച്ചത്. അപ്പോള്‍ ഒന്നാമത്തെ ഗുണ്ട അദ്ദേഹമായിരിക്കും, രണ്ടാമത്തേത് ഞാനും ആയിരിക്കും. ഏത് ഗുണ്ടയെപ്പറ്റിയാണ് അദ്ദേഹം പറയുന്നത് എന്ന് മനസിലാകുന്നില്ല. ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ഒരുപാട് വെല്ലുവികള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു പ്രശ്‌നവുമില്ലാതെ വി എസ് പറയുന്നതുപോലെ നേരെ പോയെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് തകരാന്‍ പോകുകയാണ്. എവിടെ ആരെ കിട്ടിയാലും സ്ഥാനാര്‍ഥിയാക്കാന്‍ നടക്കുകയാണ് അവര്‍. കാലു മാറി വരുന്നവരെ എന്തിനാണ് മല്‍സരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

