മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

Update: 2026-04-06 09:45 GMT

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. നവകേരളം ഉണ്ടായത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമല്ലെന്നും, 1956 നവംബർ ഒന്നിനാണ് കേരളം ആ പദവിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാനെ അന്ന് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കണമായിരുന്നു. അത്തരക്കാരെ എന്തിനാണ് വീണ്ടും മന്ത്രിസഭയിൽ എടുത്തതെന്ന് ജി. സുധാകരൻ ചോദിച്ചു. ചെങ്ങന്നൂരിലെ സിപിഎം സ്വാധീനം ബിജെപിക്ക് അടിയറവ് വെച്ചത് സജി ചെറിയാനാണെന്നും അദ്ദേഹം ആരോപിച്ചു.

പഴയ കമ്യൂണിസ്റ്റ് മന്ത്രിമാരുടെ ലാളിത്യം ഇന്നത്തെ മന്ത്രിമാർക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ എന്നെങ്കിലും കുട്ടനാട്ടിലെ വയൽവരമ്പുകളിലൂടെ നടന്നിട്ടുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിൽ സിപിഎം ഇനി വളരില്ലെന്നും പാർട്ടി പടുകുഴിയിലേക്ക് വീഴുകയാണെന്നും ജി. സുധാകരൻ പറഞ്ഞു. പാർട്ടിയെ രക്ഷിക്കാൻ ഇന്ന് ഒരു നേതാവുമില്ല. കീഴ്ത്തട്ടിൽ കമ്മ്യൂണിസമല്ല, ക്രിമിനലിസമാണ് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.