ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ സംസ്‌കാര ചടങ്ങുകള്‍ തെഹ്‌റാനില്‍ തുടങ്ങി

Update: 2025-06-28 09:26 GMT

തെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ സംസ്‌കാര ചടങ്ങുകള്‍ തെഹ്‌റാനില്‍ ആരംഭിച്ചു. ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായ 60ഓളം പേരുടെ സംസ്‌കാര ചടങ്ങാണ് നടക്കുന്നത്. പ്രാദേശിക സമയം രാവിലെ 8:00ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍ ചടങ്ങില്‍ പങ്കെടുത്തു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.


ജൂണ്‍ 13 ന്, ഇസ്രായേല്‍ ഭരണകൂടം ഇറാനില്‍ ആക്രമണം നടത്തി. ആണവ, സൈനിക, സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍, ഇന്നത സൈനിക കമാന്‍ഡര്‍മാര്‍, ശാസ്ത്രജ്ഞര്‍, സിവിലിയന്മാര്‍ എന്നിവരുള്‍പ്പെടെ 600ലധികം പേരാണ് കൊല്ലപ്പെട്ടത്.

എന്നാല്‍ അതികം വൈകാതെ തന്നെ ഇറാന്‍ ഇസ്രായേലിനെതിരേ തിരിച്ചടിച്ചു. ഇസ്രായേലിന്റെ അധിനിവേശ പ്രദേശങ്ങളില്‍ കൃത്യമായ പ്രഹരമോല്‍പ്പിക്കാന്‍ ഇറാന് കഴിഞ്ഞു. വീണ്ടും അമേരിക്കയുടെ പിന്തുണയോടെയും ഇറാനെ ഇസ്രായേല്‍ ആക്രമിച്ചിരുന്നു.


ജൂണ്‍ 22ന്, ഓപറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ഏകോപിത ആക്രമണത്തില്‍, യുഎസ് വ്യോമസേനയും നാവികസേനയും ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ പൂര്‍ണ തോതിലുള്ള ആക്രമണം നടത്തി. ഏകദേശം രണ്ടാഴ്ച നീണ്ടുനിന്ന തുറന്ന യുദ്ധത്തിനു ശേഷം ജൂണ്‍ 24ന്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

Tags: