നിധി ശേഖരണ വിവാദം; ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മുസ് ലിം ലീഗ് പദവികളില്‍ നിന്നു നീക്കി

Update: 2025-02-04 08:22 GMT

കാസര്‍കോട്: നിധി ശേഖരണ വിവാദവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മുസ്ലിം ലീഗ് പദവികളില്‍ നിന്നു നീക്കി. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെയാണ് പദവികളില്‍ നിന്നും ഒഴിവാക്കിയത്. എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ മുജീബ് കമ്പാറിനെ പഞ്ചായത്ത് അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.

ഒരാഴ്ച മുമ്പാണ് കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റില്‍ നിധിയുണ്ടെന്ന് കരുതി ഒരു കൂട്ടം ആളുകള്‍ കുഴിക്കാനിറങ്ങിയത്. നിധി ലഭിച്ചാല്‍ എല്ലാവര്‍ക്കും ചേര്‍ന്ന് ഇത് പങ്കിടാമെന്ന് പറഞ്ഞായിരുന്നു വൈസ് പ്രസിഡന്റായ മുജീബ് സംഘത്തെ ഇവിടേക്ക് പറഞ്ഞയച്ചത്.

കണ്ണൂരില്‍ സമാനമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിധി ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ ഇവരോട് പറഞ്ഞിരുന്നു. ശബ്ദം കേട്ട് വന്ന നാട്ടുകാര്‍ പോലിസിനെ വിവരമറിയിച്ചു. പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പുരാവസ്തു വകുപ്പിന്റെ പരാതിയിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags: