കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി കുടുംബശ്രീയില്‍ പണപ്പിരിവ്
ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ വീതം നല്‍കണമെന്നാവശ്യപ്പെട്ടാണ് ശബ്ദസന്ദേശം
കൊല്ലം: കൊല്ലം കോര്‍പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്. കോര്‍പറേഷനിലെ അയത്തില്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ ജാരിയത്തിനു വേണ്ടിയാണ് പണപ്പിരിവ് നടത്തിയത്. ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ വീതം നല്‍കണമെന്നാവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. സിഡിഎസ് ഭാരവാഹിയാണ് അംഗങ്ങള്‍ക്ക് സന്ദേശമയച്ചത്. ജാരിയത്ത് മുന്‍ എഡിഎസ് ചെയര്‍പേഴ്‌സണാണ്. നാളെ വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്.
എഡിഎസ് ചെയര്‍പേഴ്സണ്‍ തന്നെ വിളിച്ചെന്നും ജാരിയത്തിന്റെ സ്വീകരണ പരിപാടിയുടെ കാര്യം സംസാരിച്ചെന്നും ഫണ്ടെന്ന നിലയില്‍ ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ വീതം നല്‍കണമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. നാളെ നമുക്ക് എന്തെങ്കിലും ആവശ്യത്തിന് ഇവരെ സമീപിക്കേണ്ടതാണെന്നും സിഡിഎസ് ഭാരവാഹി പറയുന്നു. അതേസമയം, പണപ്പിരിവ് തന്റെ അറിവോടെയല്ലെന്ന് ജാരിയത്ത് പ്രതികരിച്ചു.