യുപിയില്‍ വ്യാജ പോലിസ് സ്‌റ്റേഷന്‍ കണ്ടെത്തി; ആറു പേര്‍ അറസ്റ്റില്‍

Update: 2025-08-10 14:19 GMT

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ വ്യാജ പോലിസ് സ്‌റ്റേഷന്‍ നടത്തുകയായിരുന്ന ആറു പേരെ പശ്ചിമബംഗാള്‍ പോലിസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര പോലിസ് എന്ന വ്യാജേനെയാണ് സംഘം നോയ്ഡയിലെ സെക്ടര്‍ 70ല്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയുടേയും വിവിധ ലോകരാജ്യങ്ങളുടെയും നിരവധി വ്യാജരേഖകളും കണ്ടെത്തിയെന്ന് സെന്‍ട്രല്‍ നോയ്ഡ ഡിസിപി ശക്തി മോഹന്‍ അവസ്തി പറഞ്ഞു.

നിരവധി പേര്‍ ഈ സ്റ്റേഷനില്‍ പരാതികളുമായി എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബിഎ ബിരുദധാരിയായ ബിഭാഷ് ചന്ദ്ര അധികാരി, മകനും എല്‍എല്‍ബി ബിരുദധാരിയുമായ അരഗ്യ അധികാരി, ബാബു ചന്ദ്ര മോണ്ടല്‍, പിന്റു പാല്‍, സമപ്ദ മാല്‍, ആശിഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനമെന്നാണ് സംഘം പറഞ്ഞിരുന്നത്. ആളുകളെ വിശ്വസിപ്പിക്കാന്‍ പ്രത്യേക വെബ്‌സൈറ്റും രൂപീകരിച്ചിരുന്നു.