'ശബരിമല അന്നദാനത്തില്‍ ഭക്തര്‍ക്ക് ഇനിമുതല്‍ കേരളീയ സദ്യ'; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയിലെ അന്നദാനത്തില്‍ ഭക്തര്‍ക്ക് ഇനി കേരളീയ സദ്യ നല്‍കും. പപ്പടവും പായസവുമടക്കം സദ്യ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ഭക്തരുടെ പണമാണ്. അതില്‍ നല്ല ഭക്ഷണം നല്‍കണം. നാളെയോ മറ്റന്നാളോ പുതിയ ഭക്ഷണമെനു നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയം. അജണ്ട വെച്ചുള്ള ആദ്യ ഔദ്യോഗിക യോഗം നടന്നു. ശബരിമലയിലെ കാര്യങ്ങള്‍ അവലോകനം ചെയ്തു.
പോലിസും ദേവസ്വവുമായുള്ള ഏകീകരണം മെച്ചപ്പെട്ടു. എരുമേലിയില്‍ സ്‌പോട്ട് ബുക്കിങ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അരവണ സ്റ്റോക്കുണ്ട്. ഒന്നിലും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. പന്തളത്തെ അന്നദാനം മെച്ചപ്പെടുത്തും. 10 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. ഡിസംബര്‍ 18ന് ബോര്‍ഡ് അവലോകന യോഗം ചേരും. അടുത്ത വര്‍ഷത്തെ ശബരിമല സീസണ്‍ അടിസ്ഥാനമാക്കിയാണ് തീരുമാനം. ഡിസംബര്‍ 26ന് ഫുള്‍ മാസ്റ്റര്‍ പ്ലാന്‍ ഹൈ പവര്‍ കമ്മിറ്റി ചേരുമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.