2013 മുതല്‍ 2019വരെ യുഎപിഎ പ്രകാരം കേസെടുത്തത് 10000ത്തിലധികം പേര്‍ക്കെതിരേ
ശിക്ഷ ലഭിച്ചത് 335 കേസുകളില്‍ മാത്രം
ന്യൂഡല്‍ഹി: 2013 മുതല്‍ 2019വരെ യുഎപിഎ പ്രകാരം കേസെടുത്തത് 10000ത്തിലധികം പേര്‍ക്കെതിരേയെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. 10,440 പേരെയാണ് യുഎപിഎയുടെ പേരില്‍ അറസ്റ്റ് ചെയ്തതെന്നാണ് റിപോര്‍ട്ട്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയില്‍ സമര്‍പ്പിച്ച കണക്കാണിത്. ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ നടന്നത് ജമ്മു കശ്മീരിലാണ്, 3,662 പേര്‍, ഇതില്‍ 23 പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. തൊട്ടുപിന്നില്‍ ഉത്തര്‍പ്രദേശാണ്. ഉത്തര്‍പ്രദേശില്‍ 2,805 അറസ്റ്റുകളും അതില്‍ 222 പേര്‍ക്ക് ശിക്ഷയും ലഭിച്ചു.
സാധാരണ ക്രിമിനല്‍ നടപടിക്രമത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ഏജന്‍സികള്‍ക്ക് പരമാവധി 90 ദിവസമാണ് പ്രതികളെ കസ്റ്റഡിയില്‍ വയ്ക്കാന്‍ കഴിയുക. എന്നാല്‍ യുഎപിഎ പ്രകാരം, 180 ദിവസം വരെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ കഴിയും. കേസില്‍ ജാമ്യം ലഭിക്കാനും പ്രയാസമാണ്.
അതേസമയം, അനാവശ്യമായി എഴുത്തുകാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമെതിരേ മോദി സര്‍ക്കാര്‍ യുഎപിഎ പ്രയോഗിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വാദിക്കുന്നു. അവരുടെ വാദങ്ങളെ സാധൂകരിക്കുന്നതാണ് എടുത്ത കേസുകളും ശിക്ഷിക്കപ്പെട്ട കേസുകളും തമ്മിലുള്ള അന്തരം എന്ന് പറയാതെ വയ്യ.