ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ഇന്ന്
മുംബൈ: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം മുംബൈയിലാണ് ആദ്യമെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ പത്നി ബ്രിജിറ്റ് മാക്രോണിനൊപ്പം മുംബൈയിലാണ് വിമാനമിറങ്ങിയത്. മുംബൈ വിമാനത്താവളത്തിലെത്തിയ ഇമ്മാനുവല്‍ മാക്രോണിനേയും ഭാര്യ ബ്രിജിറ്റിനെയും മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 19 വരെ നീളുന്ന സന്ദര്‍ശനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ആഗോള എഐ ഉച്ചകോടിയിലും മാക്രോണ്‍ പങ്കെടുക്കും.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധ കരാര്‍, നിര്‍മിത ബുദ്ധി മേഖലയിലെ സഹകരണം തുടങ്ങിയവ ചര്‍ച്ചയാകും. ഇന്ത്യന്‍ വ്യോമസേനയ്ക്കായി 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നിര്‍ണ്ണായകമായ പ്രതിരോധ കരാറില്‍(ഏകദേശം 3.25 ലക്ഷം കോടി രൂപ) ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായേക്കും. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഈ വിമാനങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഹെലികോപ്റ്ററുകളുടെ സംയുക്ത നിര്‍മ്മാണം, ഹാമര്‍ മിസൈലുകള്‍ എന്നിവയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും.
മുംബൈയില്‍ വെച്ച് പ്രധാനമന്ത്രി മോദിയും മാക്രോണും ചേര്‍ന്ന് 'ഇന്ത്യ-ഫ്രാന്‍സ് ഇയര്‍ ഓഫ് ഇന്നൊവേഷന്‍ 2026' ഉദ്ഘാടനം ചെയ്യും. സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഡല്‍ഹിയില്‍ നടക്കുന്ന ആഗോള 'എഐ ഇംപാക്ട് ഉച്ചകോടിയില്‍' പങ്കെടുക്കാനാണ് മാക്രോണ്‍ ഇന്ത്യയിലെത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ സഹകരണവും സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ടയാണ്. ഇത് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദര്‍ശനമാണെങ്കിലും മുംബൈയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്.

