പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ ഇടുന്ന സംഘത്തെ ഉടന്‍ പിടികൂടുമെന്ന് ഫ്രഞ്ച് പോലിസ്
പാരിസ്: മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിടുന്ന സംഘത്തെ ഉടന്‍ പിടികൂടുമെന്ന് ഫ്രഞ്ച് പോലിസ്. ഫ്രാന്‍സിലെ ഒമ്പത് പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ടവര്‍ ഉടന്‍ പിടിയിലാവുമെന്നാണ് പോലിസ് അറിയിച്ചത്. സെപ്റ്റംബര്‍ ഒമ്പതിനാണ് സംഭവം. ആദ്യം പാരിസിലെ ജാവല്‍ പള്ളിയിലാണ് പന്നിതലകള്‍ ഇട്ടത്. പിന്നീട് എയ്ഫല്‍ ടവറിന് സമീപത്തെ പള്ളിയിലും അക്രമി സംഘം എത്തി. അക്രമികള്‍ വാഹനവുമായി ബെല്‍ജിയത്തിലേക്ക് കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചു. സെര്‍ബിയന്‍ ലൈസന്‍സുള്ള വാഹനത്തില്‍ എത്തിയ രണ്ടു പേര്‍ സെപ്റ്റംബര്‍ എട്ടിന് നോര്‍മണ്ടി പ്രദേശത്ത് നിന്ന് പത്ത് പന്നിത്തലകള്‍ വാങ്ങിയതായും പോലിസ് സ്ഥിരീകരിച്ചു. അവര്‍ പള്ളികളില്‍ പന്നിത്തലകള്‍ ഇടുന്നതിന്റെ ദൃശ്യങ്ങളും പോലിസിന്റെ കൈവശമുണ്ട്. 2025ലെ ആദ്യ അഞ്ചു മാസങ്ങളില്‍ ഫ്രാന്‍സില്‍ ഇസ്‌ലാമോഫോബിക് ആയ 145 കുറ്റകൃത്യങ്ങള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മേയ് മാസത്തില്‍ മാലിയന്‍ അബൂബക്കറിനെ കൊന്നത് അടക്കമുള്ള സംഭവങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 2023 മുതല്‍ അയല്‍രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ മുസ്‌ലിംകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായും ഫ്രഞ്ച് പോലിസ് അറിയിച്ചു. ജൂതന്‍മാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ആക്രമിച്ചതിന് ക്രിസ്ത്യാനികളായ ഏതാനും പേരെ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. പാരിസില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി ഫ്രഞ്ച് പോലിസ് സംശയിക്കുന്നു.