ആദായനികുതി വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികള്‍ കൈക്കലാക്കിയത് ലക്ഷക്കണക്കിന് രൂപ
ബിജ്നോര്‍: ആദായനികുതി വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് . ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ നങ്കല്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഷെര്‍പൂര്‍ ഗ്രാമവാസിയായ ബ്രിജ്വീര്‍ സിങാണ് സംഭവത്തില്‍ പരാതി നല്‍കിയത്. നിരവധി പേര്‍ ആസൂത്രിതമായി വഞ്ചിക്കുകയും വ്യാജ രേഖകള്‍ തയ്യാറാക്കുകയും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികള്‍ ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായി വേഷമിട്ട് ബ്രിജ്വീര്‍ സിങിന്റെ കുട്ടികള്‍ക്കും മറ്റ് യുവാക്കള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. പരീക്ഷയുടെയും ചെലവുകളുടെയും പേരില്‍ ആദ്യം ബാങ്ക് വഴി പണം കൈപ്പറ്റി. അതിനുശേഷം ഒരു മോക്ക് പരീക്ഷ എഴുതിക്കുകയും പരിശീലനം വാഗ്ദാനം ചെയ്യുകയും ചെയ്തു.
കുറച്ചു സമയത്തിനുശേഷം, സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് സമാനമായ സൈറ്റുകളുണ്ടാക്കി യുവാക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് ഒടിപികള്‍ അയച്ചതായും , പിന്നീട് അവര്‍ക്ക് വ്യാജ പോസ്റ്റിംഗ് ലെറ്ററുകളും നല്‍കുകയായിരുന്നു. ഇതിനുശേഷം, സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പേരില്‍ വലിയൊരു തുക കൈപ്പറ്റുകയായിരുന്നു. നിയമനം കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പ് നടത്തിയതാണെന്നു മനസിലായത്. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.