ഊരുകളെ പാര്‍ട്ടി ഗ്രാമങ്ങളാക്കാനും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മറച്ച് വയ്ക്കാനുമുള്ള സര്‍ക്കുലര്‍ തള്ളിക്കളയുക:ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2022-05-30 09:04 GMT

തിരുവനന്തപുരം:ഊരുകളെ പാര്‍ട്ടി ഗ്രാമങ്ങളാക്കാനും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മറച്ചു വയ്ക്കാനുമുള്ള സര്‍ക്കുലര്‍ തള്ളിക്കളയണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ച്ചന പ്രജിത്ത്.ആദിവാസി ഊര് സന്ദര്‍ശനത്തിന് പതിനാല് ദിവസം മുമ്പ് അപേക്ഷ നല്‍കി പാസ് നേടുന്നവര്‍ക്ക് മാത്രമാക്കി നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് വംശീയ മതില്‍ തീര്‍ത്ത് ആദിവാസി സമൂഹത്തെ പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുന്നതാണെന്നും അര്‍ച്ചന വ്യക്തമാക്കി.

ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ സാമൂഹികമായ ഇടപെടല്‍ നടത്തുന്ന സന്നദ്ധ ശ്രമങ്ങളെ ഇല്ലാതാക്കുവാനും, സര്‍ക്കാര്‍ വീഴ്ചകള്‍ മറച്ചു വെക്കാനും വഴിയൊരുക്കുന്നതാണ് ഈ ഉത്തരവെന്നും അവര്‍ ചൂണ്ടിക്കാട്ടി. പട്ടിണി മരണങ്ങള്‍, ശിശു മരണങ്ങള്‍, സര്‍ക്കാര്‍ ഫണ്ടുകളിലെ ക്രമക്കേട് എന്നിവ പൊതു സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ വ്യത്യസ്ഥ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഈ മേഖലയിലെ സാന്നിദ്ധ്യം സഹായകരമായിട്ടുണ്ട്.

ഏകാധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ടും എസ്ടി പ്രമോര്‍ട്ടര്‍മാരായി സിപിഎം പ്രവര്‍ത്തകരെ മാത്രം നിയമിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരസ്പര സഹവര്‍ത്തിത്തത്തിനു വിലങ്ങു നില്‍ക്കുന്ന വംശീയമായ സര്‍ക്കാര്‍ ഉത്തരവിനെതിരെ ബഹുജനങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: