പാരിസ്: ഫ്രാന്‍സില്‍ പുതിയ മന്ത്രിസഭയ്ക്ക് അംഗീകാരം നല്‍കിയതിന് മണിക്കൂറുകള്‍ക്കകം തന്നെ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജിവച്ചു. പ്രസിഡന്റിനാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജി സ്വീകരിച്ചതായി എലീസീസ് പ്രസ് ഓഫീസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി ഫ്രാന്‍സിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഗൗരവം വെളിപ്പെടുത്തുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. മാക്രോണിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായ ലെകോര്‍ണു, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ആഴ്ചകളോളം ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഞായറാഴ്ച പുതിയ മന്ത്രിസഭ രൂപീകരിച്ചത്. തിങ്കളാഴ്ച ആദ്യ മന്ത്രിസഭാ യോഗം നടക്കാനിരിക്കെയായിരുന്നു രാജി.
ഒരു മാസം മുന്‍പാണ് മാക്രോണ്‍ ലെകോര്‍ണുവിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഞായറാഴ്ച വലിയ മാറ്റമില്ലാത്ത മന്ത്രിസഭയാണ് മാക്രോണ്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ പ്രതിപക്ഷത്തോടൊപ്പം തന്നെ മാക്രോണിന്റെ സ്വന്തം കൂട്ടായ്മയിലും അസന്തോഷം ഉയര്‍ന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഫ്രാന്‍സിന് നേതൃത്വം നല്‍കുന്ന നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു ലെകോര്‍ണു. മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാക്രോണ്‍ ലെകോര്‍ണുവിനെ നിയമിച്ചിരുന്നു.